വംശീയ കലാപം ആരംഭിച്ച് രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍

0
247

വംശീയ കലാപം ആരംഭിച്ച് രണ്ടു മാസമായിട്ടും മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. മെയ്‍തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.

മണിപ്പൂരിന്‍റ സമാധാനാന്തരീക്ഷം തകർത്ത സംഘർഷം 60 ദിവസം പിന്നിടുകയാണ്. മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. നിർദേശത്തിനെതിരെ കുക്കി വിഭാഗം തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് ആളിക്കത്തി ഇരുവിഭാഗവും തമ്മിലുള്ള തുടർച്ചയായ സംഘർഷത്തിനു വഴിവെച്ചത്.

സംഘർഷത്തിൽ നിരവധി വീടുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം തീയിട്ടു. ഗ്രാമവാസികളും പൊലീസ് ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കുന്നതിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ അടക്കം വിലയിരുത്തൽ. സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാതിരുന്നതാണ് ഇത്രയധികം പേരുടെ ജീവൻ നഷ്ടമാകാൻ കാരണമെന്നും വിലയിരുത്തലുണ്ട്. മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങി ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ വീടുകൾക്കും പാർട്ടി ഓഫീസുകൾക്കും തീയിട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. മണിപ്പുരിൽ നിന്നെത്തിയ പ്രതിപക്ഷ പാർട്ടികളെ കാണാൻ മോദി സമയം അനുവദിച്ചില്ല. സംഘർഷം ഒന്നര മാസം പിന്നിട്ടപ്പോഴാണ് കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ രാജിനാടകവും മണിപ്പൂർ ജനത കണ്ടു. ആളിപ്പടരുന്ന തീ അണച്ച് മണിപ്പൂരിന്‍റെ സമാധാനം വീണ്ടെടുക്കാൻ സർക്കാരിന് കഴിയണം.