സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ 

0
56

സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ലെബനനെ 4-2ന് മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകം. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികൾ.

നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇന്ത്യയ്ക്കായി കിക്കെടുത്ത ക്യാപ്റ്റൻ സുനിൽ ഛേത്രി, അൻവർ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ലെബനൻ താരം ഹസൻ മാറ്റുക്കിന്റെ കിക്ക് ഗുർപ്രീത് രക്ഷപ്പെടുത്തി. ഖലിൽ ബാദെറിന്റെ ഷോട്ട് പുറത്തേക്ക് പോയി. വാലിദ് ഷൗർ, മുഹമ്മദ് സാദെക് എന്നിവർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്.

ലെബനന്റെ മികച്ച മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മാറ്റുക്കും സെയ്ൻ ഫെറാനും ചേർന്നുള്ള മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച നാദെർ മറ്റാറിന്റെ ഷോട്ട് പക്ഷേ ബാറിന് മുകളിലൂടെ പറന്നു. പലപ്പോഴും ഗുർപ്രീതിന്റെ മികച്ച സേവുകളാണ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങളാണ് ഇന്ത്യൻ താരങ്ങൾ നഷ്ടപ്പെടുത്തിയത്.

എട്ടാം മിനിറ്റിൽ സെയ്ൻ ഫെറാന്റെ ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് രക്ഷപ്പെടുത്തി. 20ാം മിനിറ്റിൽ ഇന്ത്യ സുവർണാവസരം പാഴാക്കി. അനിരുഥ് ഥാപ്പയുടെ ക്രോസ് പക്ഷേ പോസ്റ്റിന് മുന്നിലുണ്ടായിരുന്ന പ്രീതം കോട്ടാലിന് വലയിലാക്കാൻ സാധിച്ചില്ല. 31ാം മിനിറ്റിൽ മാറ്റുക്കിന്റെ ഗോളെന്നുറച്ച ഫ്രീകിക്ക് തട്ടിയകറ്റി ഗുർപ്രീത് വീണ്ടും ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. 42ാം മിനിറ്റിലും ഗുർപ്രീതിന്റെ നിർണായക രക്ഷപ്പെടുത്തൽ ഇന്ത്യയെ രക്ഷിച്ചു.

83-ാം മിനിറ്റിൽ ഇന്ത്യയെ ഞെട്ടിച്ച് ലെബനന്റെ മറ്റൊരു മുന്നേറ്റമുണ്ടായി. പന്തുമായി മുന്നേറിയ ഫെറാൻ അത് മാറ്റുക്കിന് നൽകി. താരത്തിന്റെ ഷോട്ട് പക്ഷേ ബാറിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു.

അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 96ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ഛേത്രി നഷ്ടപ്പെടുത്തി. ഉദാന്ത് സിങ് നൽകിയ ക്രോസ് ബോക്‌സിന് തൊട്ടുമുന്നിൽ നിന്ന ഛേത്രി പുറത്തേക്കടിച്ച് കളയുകയായിരുന്നു. ഇതിനിടെ 94ാംമിനിറ്റിൽ ഛേത്രിയുടെ ഷോട്ട് ലെബനൻ ഗോൾകീപ്പർ മെഹ്ദി ഖാലിൽ രക്ഷപ്പെടുത്തിയിരുന്നു. 113ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഉദാന്ത സിങ്ങിന്റെ ഷോട്ട് മെഹ്ദി ഖാലിൽ രക്ഷപ്പെടുത്തി. റീ ബൗണ്ട് വന്ന പന്ത് വലയിലെത്തിക്കാൻ ജീക്‌സൺ സിങ്ങിന് സാധിച്ചില്ല.