ആക്ടിവിസ്റ്റ് തീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി

0
98

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തെളിവുകൾ ചമച്ചെന്ന എഫ്‌ഐആറിൽ ആക്ടിവിസ്റ്റ് തീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് തീസ്തയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. തീസ്ത ഉടൻ കീഴടങ്ങണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശം. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് തീസ്തയ്ക്ക് അനുകൂലമായ വിധി നേടിയെടുക്കാൻ സാധിച്ചത്. ഏഴ് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ ബിആർ ഗവായ്, എഎസ് ബോപണ്ണ, ദിപാൻകർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ടീസ്റ്റയ്ക്ക് സ്ത്രീയെന്ന പരിഗണന ആദ്യം നൽകുന്നുവെന്ന് കോടതി പറഞ്ഞു. കാരണം വ്യക്തമാക്കാതെയാണ് ടീസ്തയോട് കീഴടങ്ങാൻ ഗുജറാത്ത് കോടതി ആവശ്യപ്പെട്ടതെന്ന് തീസ്തയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

2002ലെ ഗുജറാത്ത് കലാപത്തിൽ വലിയ ഗൂഢാലോചന നടന്നുവെന്നാരോപിച്ച് സാക്കിയ എഹ്‌സാൻ ജാഫ്രി സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് 2022ൽ സെതൽവാദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തീസ്ത തെളിവുകൾ ചമച്ചെന്നായിരുന്നു ആരോപണം. ഗൂഢലക്ഷ്യത്തോടെയാണ് ഹർജി സമർപ്പിച്ചതെന്നും നിയമസംവിധാനത്തെ ദുരുപയോഗം ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്നും സുപ്രിംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.