നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗ് കിരീടം

0
67

പരിക്കിന് ശേഷം ഫീൽഡിൽ തിരിച്ചെത്തിയ ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് ലുസെയ്ൻ ഡമയണ്ട് ലീഗ് കിരീടം. സീസണിലെ തുടർച്ചയായ രണ്ടാം വിജയമാണ് ലുസെയ്നിൽ നീരജ് ചോപ്ര നേടിയത്. ലുസെയ്ൻ ഡയമണ്ട് ലീഗിൽ അഞ്ചാം റൗണ്ടിൽ 87.66 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര കിരീടം നേടിയത്.

25-കാരനായ ചോപ്ര കഴിഞ്ഞ മാസം പരിശീലനത്തിനിടെ പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടർന്ന് മൂന്ന് പ്രധാന മത്സരങ്ങൾ ഒഴിവാക്കിയിരുന്നു. ഒരു മാസത്തോളം വിശ്രമത്തിലായിരുന്ന നീരജ് ചോപ്ര തിരിച്ചുവരവ് ആഘോഷമാക്കി മാറ്റുകയായിരുന്നു.

ആദ്യ ശ്രമത്തിൽ ഫൗളോടെ തുടങ്ങിയ അദ്ദേഹം പിന്നീട് 83.52 മീറ്ററും 85.04 മീറ്ററും എറിഞ്ഞു. അടുത്ത റൗണ്ടിൽ 87.66 മീറ്റർ എറിഞ്ഞതോടെ നീരജ് ചോപ്ര എതിരാളികൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. നാലാം റൗണ്ടിൽ അദ്ദേഹം വീണ്ടും ഫൗൾ വരുത്തി. എന്നാൽ ആറാമത്തെയും അവസാനത്തെയും ത്രോ 84.15 മീറ്റർ എറിഞ്ഞതോടെ എതിരാളികൾ ഏറെ പിന്നിലായി.

ജർമനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജ് ചോപ്ര ഡയമണ്ട് ലീഗ് കിരീടം സ്വന്തമാക്കിയത്. 87.03 മീറ്റർ ദൂരത്തേക്ക് എറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർ രണ്ടാം സ്ഥാനവും 86.13 മീറ്റർ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.