തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി ഗവർണര്‍ മരവിപ്പിച്ചു

0
130

അഴിമതി കേസിൽ ഇ ഡി കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി ഗവർണര്‍ മരവിപ്പിച്ചു. ബാലാജി തത്കാലം വകുപ്പില്ലാ മന്ത്രിയായി തുടരും. അറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയെന്ന് ഗവർണർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ ആർ എൻ രവി പുറത്താക്കിയത്. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചായിരുന്നു തമിഴ്നാട് ഗവർണറുടെ നടപടി.

റെയ്ഡിന് പിന്നാലെ ജൂൺ 14നാണ് സെന്തിൽ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ഇതോടെ, അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിൻ നിലനിർത്തുകയായിരുന്നു. എന്നാൽ, വകുപ്പില്ലാതെയാണെങ്കിലും സെന്തില്‍ ബാലാജിക്ക് തുടരാനാകില്ലെന്ന നിലപാടിലായിരുന്നു ​ഗവർണർ. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമികമെന്നായിരുന്നു ​ഗവർണറുടെ പ്രതികരണം. പിന്നാലെ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിയെ പുറത്താക്കിയുള്ള അസാധാരണ നടപടി ഗവർണർ സ്വീകരിക്കുകയായിരുന്നു.

എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഗവർണര്‍ ഈ നടപടി മരവിപ്പിച്ചു. ബാലാജിയെ പുറത്താക്കി ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. ഭരണഘടനയെ കുഴിച്ചു മൂടാനുള്ള ശ്രമം ഭയാനകം എന്നാണ് സ്റ്റാലിൻ പ്രതികരിച്ചത്. ജനാധിപത്യ ഇന്ത്യയെ തകർക്കാനുള്ള മോദി സർക്കാരിന്‍റെ നീക്കം ചെറുത്തു തോൽപ്പിക്കണം. മുതിർന്ന ഡിഎംകെ നേതാക്കളെയും സ്റ്റാലിൻ കണ്ടിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

മന്ത്രിയെ പുറത്താക്കാനുള്ള നിയമപരമായ ഒരു അവകാശവും ഗവർണർക്കില്ലെന്ന് ഡിഎംകെ വക്താവ് ശരവണൻ പറഞ്ഞു. “അദ്ദേഹം ഭരണഘടനയെ തുരങ്കം വയ്ക്കുന്നു, അധികാരത്തിനപ്പുറം പ്രവർത്തിക്കുന്നു. അധികാരമില്ലാത്ത റബ്ബർ സ്റ്റാമ്പാണ് ഗവർണർ”- ശരവണൻ പറയുന്നു.

17 മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു സെന്തിൽ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇ ഡി വിശദീകരണം. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്‍റെ പേരില്‍ സ്വന്തമാക്കിയെന്നും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്നും ഇ ഡി അവകാശപ്പെടുന്നു. 3.75 ഏക്കര്‍ ഭൂമിയുടെ ബിനാമി ഇടപാടാണ് നടന്നത് എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.