പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്കും കൊടി തോരണങ്ങൾക്കുമെതിരേ നടപടി ശക്തമാക്കി സർക്കാർ

0
109

കോടതി ഉൾപ്പെടെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മാറ്റാത്ത പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്കും കൊടി തോരണങ്ങൾക്കുമെതിരേ നടപടി ശക്തമാക്കി സർക്കാർ. ഇവ അടിയന്തരമായി മാറ്റാൻ സർക്കാർ നിർദേശം നൽകി. ഇവ സ്ഥാപിച്ചവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം.

വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സർക്കാരിനോട് അധിക നിർദേശങ്ങൾ പുറപ്പെടുവിക്കാൻ നിർദേശിച്ചത്. 2018 മുതലുള്ള കേസുകൾ പരിഗണിച്ചാണ് കോടതി ജൂൺ 8ന് ഉത്തരവിട്ടത്.

പാതയോരങ്ങളിൽനിന്ന് അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപന തലത്തിൽ പ്രാദേശിക കമ്മിറ്റികളും അവയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് ജില്ലാതല മോണിറ്ററിങ് കമ്മിറ്റികളും രൂപീകരിച്ച് 2022 ഡിസംബറിൽ ഉത്തരവിറക്കിയിരുന്നു.

തദ്ദേശ സ്ഥാപന പ്രദേശിക കമ്മിറ്റികൾ അനധികൃത ബോർഡുകളും തോരണങ്ങളും കൊടിക്കൂറകളും ഫ്ലക്സുകളും നീക്കം ചെയ്ത് പ്രത്യേക ഏരിയയിലേക്ക് മാറ്റി സൂക്ഷിക്കണം. പ്രത്യേക ഏരിയയിലേക്ക് മാറ്റിയ ഇവ നീക്കം ചെയ്യുന്നതിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറി നോട്ടിസ് നൽകണം. ഏഴു ദിവസത്തിനുള്ളിൽ ഇവ നീക്കം ചെയ്യാനാണ് തീരുമാനം.

പ്രത്യേക സ്ഥലത്തേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനത്തിനുണ്ടായ ചെലവ് അവ സ്ഥാപിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരിൽനിന്ന് ഈടാക്കും. നോട്ടിസ് അയച്ചിട്ടും അനുസരിക്കാത്തവർക്ക് എതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചശേഷം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് നടപടി സ്വീകരിക്കണം. ഉത്തരവുകൾ പാലിക്കാതെ ഇവ സ്ഥാപിച്ച പരസ്യ ഏജൻസിയെ കണ്ടെത്തി ലൈസൻസ് റദ്ദു ചെയ്യണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.