പാകിസ്ഥാൻ ദേശീയ ടീമിന്റെ ലോകകപ്പ് മത്സരങ്ങൾക്ക് കനത്ത സുരക്ഷ ഒരുക്കുമെന്ന് സ്നേഹാശിഷ് ​​ഗാംഗുലി

0
101

പാകിസ്ഥാൻ ദേശീയ ടീമിന്റെ ലോകകപ്പ് മത്സരങ്ങൾക്ക് കനത്ത സുരക്ഷ ഒരുക്കുമെന്ന് സിഎബി അധ്യക്ഷൻ സ്നേഹാശിഷ് ​​ഗാംഗുലി. ഐസിസി ഏകദിന ലോകകപ്പിന്റെ ഷെഡ്യൂൾ ചൊവ്വാഴ്ച്ച പുറത്തുവിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാകിസ്ഥാന് പുറമെ ബംഗ്ലാദേശ് ടീമിന്റെ മത്സരവും ഈഡൻ ഗാർഡനിൽ നടക്കും.

അതേസമയം, 2011ന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അവരുടെ കൺമുന്നിൽ ലോകകപ്പിന് സാക്ഷ്യം വഹിക്കാനുള്ള അവസരമാണിത്. സിറ്റി ഓഫ് ജോയ് (കൊൽക്കത്ത) ലോകകപ്പിൽ അഞ്ച് സുപ്രധാന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ ഈഡൻ ഗാർഡനും ശ്രദ്ധാകേന്ദ്രമാവുകയാണ്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏറ്റവും നിർണായകമായ മത്സരവും ബംഗ്ലാദേശ്, പാകിസ്ഥാൻ ടീമുകളുടെ മത്സരങ്ങളും ഈഡൻ ഗാർഡനിൽ വച്ച് നടക്കും. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന് ഇത് സന്തോഷത്തിന്റെ നിമിഷമാണ്.

ബിസിസിഐയുടെയും ഐസിസിയുടെയും തീരുമാനങ്ങളിൽ സൗരവ് ഗാംഗുലിയുടെ ജ്യേഷ്ഠനും സിഎബി പ്രസിഡന്റുമായ സ്നേഹാശിഷ് ​​ഗാംഗുലി സന്തോഷം പങ്കുവച്ചു. അഞ്ച് നിർണായക മത്സരങ്ങൾ അനുവദിച്ചതിന് ബിസിസിഐക്കും ജയ് ഷായ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഉയർന്ന സുരക്ഷ ആവശ്യമുള്ള പാകിസ്ഥാന്റെ മത്സരങ്ങൾക്ക് ഈഡൻ ആതിഥേയത്വം വഹിക്കാൻ പോകവേ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് സ്നേഹാശിഷ്പറഞ്ഞു, “ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടി20 ഐയിൽ ഞങ്ങൾ ഇതിനകം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് രണ്ട് ഘട്ട മത്സരങ്ങളുണ്ട്. ഈ മത്സരങ്ങൾ കഠിനമാണ്. ഒരു ലോകകപ്പ് സംഘടിപ്പിക്കുന്നത് വെല്ലുവിളിയാണ്. എന്നാൽ ഏത് തരത്തിലുള്ള വെല്ലുവിളികളും ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണ്. എല്ലാ ഐപിഎൽ മത്സരങ്ങളിലും ഞങ്ങൾക്ക് നല്ല കാണികൾ ഉണ്ടായിരുന്നു.”.

“മത്സരങ്ങൾ ആതിഥേയത്വം വഹിക്കുന്നതിൽ എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. പാക്കിസ്ഥാന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പാകിസ്ഥാൻ മുമ്പ് കൊൽക്കത്തയിൽ കളിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. അധികം കഥ എനിക്കറിയില്ല. എന്നാൽ അവരുടെ ആദ്യ മുൻഗണന കൊൽക്കത്തയാണ്, തൊട്ടുപിന്നാലെ ചെന്നൈയും ബെംഗളൂരുവുമാണ്.” അദ്ദേഹം വ്യക്തമാക്കി.