എല്ലാ തെരഞ്ഞെടുപ്പുകളിലും വ്യത്യസ്തരായ പല സ്ഥാനാര്‍ത്ഥികളുടെയും കഥകള്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു സ്ഥാനാര്‍ത്ഥിയുടെ വാർത്തയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പശ്ചിമബംഗാളിലെ ബിര്‍ഭുമിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഈ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇത്തവണ സിപിഎം ടിക്കറ്റില്‍ മത്സരിക്കാനെത്തുന്നത് മൂകയും ബധിരയുമായ വനിതയാണ്.
ജര്‍ണ മൊണ്ടാല്‍ ഈ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ രീതിയിലാണ് പ്രചരണം നടത്തുന്നത്. ജനങ്ങളോട് ആംഗ്യത്തിലൂടെയും നോട്ടങ്ങളിലൂടെയുമാണ് ഇവര്‍ ആശയവിനിമയം നടത്തുന്നത്.ബിര്‍ഭുമിലെ മയൂരേശ്വറിലുള്ള കുണ്ടല പഞ്ചായത്തിലെ 178-ാം സീറ്റീലാണ് ഇവര്‍ മത്സരിക്കുന്നത്.
ജര്‍ണയുടെ വ്യത്യസ്തമായ പ്രചരണരീതി പലരും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. രണ്ട് ദിവസം മുമ്പാണ് തന്റെ വാര്‍ഡില്‍ ജര്‍ണ പ്രചരണം ആരംഭിച്ചത്. കൈയ്യില്‍ പാര്‍ട്ടി പതാകയുമേന്തിയാണ് ജര്‍ണ പ്രചരണത്തിനെത്തുന്നത്. ഓരോ വീടും ഇവര്‍ കയറിയിറങ്ങുന്നുണ്ട്. ആംഗ്യഭാഷയിലാണ് ജര്‍ണ ജനങ്ങളോട് സംസാരിക്കുന്നത്.
സംസാരിക്കാനോ പരാതികള്‍ കേള്‍ക്കാനോ ജര്‍ണയ്ക്ക് കഴിയില്ല. ഭാര്യയ്ക്ക് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ച് ജര്‍ണയുടെ ഭര്‍ത്താവ് പൂര്‍ണ്ണ ചന്ദ്ര മൊണ്ടാലും പ്രചരണത്തിനൊപ്പമുണ്ട്. ” ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് എന്റെ ഭാര്യയെ നന്നായി അറിയാം. അവള്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും,’ അദ്ദേഹം പറഞ്ഞു.