ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം

0
105

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം. ‘ജസ്റ്റ് സ്റ്റോപ്പ് ഓയിൽ’ ഗ്രൂപ്പിലെ പ്രതിഷേധക്കാർ മൈതാനത്തേക്ക് ഇരച്ചുകയറുകയും കളി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഒരു പ്രതിഷേധക്കാരനെ ഡേവിഡ് വാർണറും ബെൻ സ്‌റ്റോക്‌സും ചേർന്ന് പിടികൂടി ഗ്രൗണ്ട് സ്റ്റാഫിന് കൈമാറിയപ്പോൾ, മറ്റൊരാളെ ജോണി ബെയർസ്റ്റോ പിടികൂടി ഫീൽഡിന് പുറത്തേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ വൈറലാകുകയാണ്.

മത്സരത്തിന്റെ ആദ്യ ഓവർ അവസാനിച്ചതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കളി തുടങ്ങി ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് പേർ ഗ്രൗണ്ടിലേക്ക് ഓടിക്കയറി. പരിസ്ഥിതി പ്രവർത്തകർ കളത്തിൽ ഓറഞ്ച് പൊടി വിതറാൻ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങൾ ഇടപെട്ട് തടഞ്ഞു. പിന്നാലെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ, ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സ്, ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ എന്നിവർ ചേർന്നാണ് അവരെ പിടികൂടി ഗ്രൗണ്ട് സ്റ്റാഫിന് കൈമാറിയത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

അതേസമയം, ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. 27 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിലാണ്. ആദ്യ ടെസ്റ്റിൽ തോറ്റ ഇംഗ്ലണ്ടിനു പരമ്പരയിലേക്കു തിരിച്ചുവരാൻ ഈ മത്സരത്തിലെ ജയം അനിവാര്യമാണ്. വിരലിനു പരുക്കേറ്റ ഓൾ റൗണ്ടർ മോയിൻ അലിക്കു പകരം ഇരുപത്തിയഞ്ചുകാരനായ പേസർ ജോഷ് ടങ്ങിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.