Sunday
11 January 2026
24.8 C
Kerala
HomeSportsലോകകപ്പിനുള്ള വേദികൾ അനുവദിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആരോപണങ്ങൾ തള്ളി ബിസിസിഐ

ലോകകപ്പിനുള്ള വേദികൾ അനുവദിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആരോപണങ്ങൾ തള്ളി ബിസിസിഐ

ലോകകപ്പിനുള്ള വേദികൾ അനുവദിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആരോപണങ്ങൾ തള്ളി ബിസിസിഐ. ഐസിസി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പുലർത്താത്തതിനാലാണ് മൊഹാലിയെ ഒഴിവാക്കിയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. മൊഹാലിയെ ഡബ്ല്യു.സി ഷെഡ്യൂളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പഞ്ചാബ് കായിക മന്ത്രി ഗുർമീത് സിംഗ് മീത് ഹെയർ എതിർപ്പ് ഉന്നയിച്ചതിന് പിന്നാലെയാണ് ശുക്ലയുടെ പ്രസ്താവന.

മുമ്പ് ഉണ്ടായിട്ടില്ലാത്ത വിധം 12 വേദികളിലായാണ് ഇത്തവണ ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുന്നത്. സൗത്ത് സോണിൽ നിന്ന് നാല് വേദികൾ, സെൻട്രൽ സോണിൽ നിന്ന് ഒരു വേദി, വെസ്റ്റ് സോൺ രണ്ട്, നോർത്ത് സോൺ രണ്ട് വേദികൾ. 12 വേദികളിൽ തിരുവനന്തപുരത്തും ഗുവാഹത്തിയിലുമാണ് സന്നാഹ മത്സരങ്ങൾ നടക്കുക. ലീഗ് മത്സരങ്ങൾ ശേഷിക്കുന്ന വേദികളിലും നടക്കും. മുൻ ലോകകപ്പുകളിൽ ഇത്രയും വേദികൾ തെരഞ്ഞെടുത്തിരുന്നില്ലെന്നും രാജീവ് ശുക്ല പറഞ്ഞു.

വിരാട് കോലിയുടെ നൂറാം ടെസ്റ്റ് മത്സരത്തിനായി മൊഹാലിയെ തെരഞ്ഞെടുത്തിരുന്നു. മൊഹാലിയിൽ മുള്ളൻപൂർ സ്റ്റേഡിയം ഒരുങ്ങുന്നുണ്ട്. ഈ സ്റ്റേഡിയം തയ്യാറായിരുന്നെങ്കിൽ ഒരു ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കുമായിരുന്നു. മൊഹാലിയിലെ നിലവിലെ സ്റ്റേഡിയം ഐസിസിയുടെ നിലവാരം പുലർത്താത്തതിനാൽ ഒഴിവാക്കപ്പെട്ടു. എന്നാൽ അവർക്ക് ഇനി മത്സരങ്ങൾ നൽകില്ലെന്ന് ഇതിനർത്ഥമില്ല. റൊട്ടേഷൻ സമ്പ്രദായത്തെ അടിസ്ഥാനമാക്കി ദ്വിരാഷ്ട്ര പരമ്പരകൾ മൊഹാലിക്ക് നൽകുമെന്നും ശുക്ല കൂട്ടിച്ചേർത്തു.

വേദികൾ തെരഞ്ഞെടുക്കുന്നതിൽ പക്ഷപാതമുണ്ടായിട്ടില്ല. വേദികൾ തീരുമാനിക്കുന്നതിന് മുമ്പ് ന്യായമായ പരിഗണന നൽകിയിട്ടുണ്ട്. ഏറെ ആലോചിച്ച ശേഷമാണ് സ്റ്റേഡിയങ്ങൾ തെരഞ്ഞെടുത്തത്. ഐസിസിയാണ് ഈ വേദികൾക്ക് അനുമതി നൽകേണ്ടത്. ഇതൊന്നും നമ്മുടെ കയ്യിൽ ഉള്ളതല്ല. ലോകകപ്പ് ഷെഡ്യൂളിൽ, ഇത്തവണ പുതിയ വേദികൾ ചേർത്തിട്ടുണ്ടെന്നും ശുക്ല പറഞ്ഞു.

തിരുവനന്തപുരത്ത് ഇതാദ്യമായാണ് സന്നാഹ മത്സരങ്ങൾ നടക്കുന്നത്. ലഖ്‌നൗവിനെ പുതുതായി തെരഞ്ഞെടുത്തു. ഒരു ലോകകപ്പ് മത്സരത്തിന് പോലും ആതിഥേയത്വം വഹിക്കാൻ ഉത്തർപ്രദേശിന് അവസരം ലഭിച്ചിരുന്നില്ലെന്നും ഗുവാഹത്തിക്ക് അവസരം നൽകിയിട്ടുണ്ടെന്നും ശുക്ല പ്രതികരിച്ചു.

RELATED ARTICLES

Most Popular

Recent Comments