മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു, ‘ലിയോ’ ചിത്രത്തിലെ പാട്ടിനെതിരെ പരാതി

0
108

ലോകേഷ് കനഗരാജിൻ്റെ സംവിധാനത്തിൽ വിജയ് നായകനായെത്തുന്ന ചിത്രമാണ് ലിയോ. ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ ആദ്യ പാട്ട് ‘നാ റെഡി’ ഈ മാസം 22ന് പുറത്തിറങ്ങിയിരുന്നു. സൂപ്പർ ഹിറ്റായെങ്കിലും പാട്ട് ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടി സെൽവം എന്ന് പേരുള്ള ഒരു ആക്ടിവിസ്റ്റ് പാട്ടിനെതിരെ പരാതിനൽകിയതാണ് വിവാദമായത്.

വിജയ്‌യ്ക്കും ലിയോ ടീമിനുമെതിരെയാണ് സെൽവത്തിൻ്റെ പരാതി. ജൂൺ 25ന് ഓൺലൈനായും 26ന് ഓഫ്‌ലൈനായും ഇയാൾ പരാതിനൽകി. നാർക്കോട്ടിക് കണ്ട്രോൾ ആക്ട് പ്രകാരം സിനിമയ്ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതി.

സൂപ്പർ ഹിറ്റായി മാറിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രമാണ് ലിയോ. സൂപ്പർ താരം വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. സഞ്ജയ് ദത്ത്, തൃഷ, അർജുൻ, സംവിധായകർ കൂടിയായ ഗൗതം വാസുദേവ് മേനോൻ, മിഷ്ക്കിൻ, മലയാളി താരം മാത്യു തോമസ് തുടങ്ങിയവർ ചിത്രത്തിൽ വിജയ്ക്കൊപ്പം അണിനിരക്കും. 15 വർഷത്തിന് ശേഷം വിജയ് തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ.