കൊലപാതകക്കേസില്‍ ശിക്ഷവിധിച്ചതിന് പിന്നാലെ ഒളിവിൽ; 27 വർഷങ്ങൾക്ക് ശേഷം ‘അച്ചാമ്മ’ പിടിയിൽ

0
96

മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ പ്രതി 27 വര്‍ഷത്തിനു ശേഷം പിടിയില്‍. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് പിടിയിലായത്. കൊലപാതകം നടന്ന് മുപ്പത്തിമൂന്നു വര്‍ഷവും, ശിക്ഷ വിധിച്ചിട്ട് ഇരുപത്തിയേഴ് വര്‍ഷവുമായ കേസിലാണ് അറസ്റ്റ്.

കേസിൽ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ അച്ചാമ്മ ഒളിവിൽ പോയിരുന്നു. എറണാകുളം ജില്ലയില്‍ പല്ലാരിമംഗലം അടിവാടില്‍ കാടുവെട്ടിവിളെ മിനി രാജു എന്ന വ്യാജ പേരിലായിരുന്നു താമസം. 1990 ഫെബ്രുവരി 21-നാണ് മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ വീട്ടില്‍ മറിയാമ്മ എന്ന 61-കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അടുക്കളയിലെ കത്തി കൊണ്ട് മറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. മറിയാമ്മയുടെ കൈകളിലും പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി, ചെവി അറുത്തു മാറ്റി ഒരു കാതിൽ നിന്നും കമ്മൽ ഊരി എ ടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ അച്ചമ്മ അറസ്റ്റിലാവുകയായിരുന്നു.

1993ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി അച്ചാമ്മയെ വെറുതെ വിട്ടു. പ്രോസിക്യൂഷൻ അപ്പീലിൽ‌ 1996 സെപ്റ്റംബർ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. പിന്നാലെ അച്ചാമ്മ ഒളിവിലും പോയി. വിവിധ സംസ്ഥാനങ്ങൾ ഉള്‍പ്പെടെ നിരവധി സ്ഥലത്ത് അച്ചാമ്മയ്ക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ‌ കഴിഞ്ഞില്ലായിരുന്നു.

ഇതിനിടെ റെജി കോട്ടയത്ത് മിനി രാജു എന്ന പേരില്‍ വീടുകളില്‍ ജോലി ചെയ്തിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ വിവാഹം കഴിച്ച ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായും നാട്ടുകാര്‍ പറഞ്ഞു. തുടരന്വേഷണത്തില്‍ എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലം അടിവാട് മിനി രാജു എന്ന പേരില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരുന്നതായി കണ്ടെത്തുകയായിരുന്നു.