സുധാകരൻ മോൻസണിന്‍റെ വീട്ടിൽ 12 തവണ എത്തിയതിന്‍റെ തെളിവുകൾ നിരത്തി ക്രൈംബ്രാഞ്ച്

0
74

മോൻസണ്‍ മാവുങ്കലിന്‍റെ വീട്ടിൽ 2018 നവംബറിൽ മാത്രമാണ് സന്ദർശിച്ചതെന്ന കെപിസിസി പ്രസിഡന്‍റെ കെ.സുധാകരന്‍റെ വാദം തെളിവുകൾ നിരത്തി പൊളിച്ച്‌ ക്രൈംബ്രാഞ്ച്‌. വെള്ളിയാഴ്‌ച കളമശേരിയിലെ ക്രൈംബ്രാഞ്ച്‌ ഓഫീസിലെ ചോദ്യംചെയ്യലിൽ, മോൻസണിന്‍റെ വീട്ടിൽ 2018 നവംബറിൽ മാത്രമേ പോയിട്ടുള്ളൂവെന്നാണ്‌ സുധാകരൻ ആദ്യം പറഞ്ഞത്‌. എന്നാൽ, തെളിവുകൾ നിരത്തിയതോടെ വാദം പൊളിഞ്ഞു. സുധാകരനെ വീണ്ടും ചോദ്യം ചെയ്യാനാണ്‌ ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

എന്നാൽ, മോൻസണിന്‍റെ വീട്ടിൽ 12 തവണ എത്തിയതിന്‍റെ ചിത്രങ്ങളും ഫോൺവിളി -ടവർ ലൊക്കേഷൻ വിവരങ്ങളും കാണിച്ചതോടെ സുധാകരൻ കുഴങ്ങി. വീട്ടിലെത്തിയ മിക്ക ദിവസങ്ങളിലും ജീവനക്കാർക്കൊപ്പം സുധാകരൻ ഫോട്ടോ എടുത്തിരുന്നു. ഫോട്ടോയുടെ ഫയൽ ഇൻഫോയിൽ നിന്നുള്ള തീയതികൾ ക്രൈംബ്രാഞ്ച്‌ നിരത്തി. ഇതോടെ സുധാകരൻ ചോദ്യങ്ങളിൽ നിന്ന്‌ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ആ ദിവസങ്ങളിൽ സുധാകരൻ എറണാകുളത്ത്‌ വന്നതിന്‍റെയും മറ്റ്‌ പൊതുപരിപാടികളിൽ പങ്കെടുത്തതിന്‍റെയും ഫോട്ടോ അടക്കമുള്ള തെളിവുകളും നിരത്തി.

ഡിജിറ്റൽ തെളിവുകൾ ഒന്നിനുപിറകെ ഒന്നായി ഹാജരാക്കിയതോടെ കൂടുതൽതവണ മോൻസണിന്‍റെ വീട്ടിൽ എത്തിയെന്ന്‌ ഒടുവിൽ സുധാകരൻ സമ്മതിച്ചു. സുധാകരന്‍റെ പല മറുപടിയിലും വൈരുധ്യം കണ്ടെത്തിയതായാണ്‌ വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ്‌ വീണ്ടും ചോദ്യംചെയ്യുന്നത്‌.