തിരുപ്പതി പാതയിൽ മൂന്നുവയസുകാരനെ ആക്രമിച്ച പുള്ളിപ്പുലിയെ ആന്ധ്രാപ്രദേശ് വനംവകുപ്പ് പിടികൂടി. കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് എത്തിയ മൂന്ന് വയസുകാരനെ തിരുമലയിൽ വച്ചാണ് പുലി ആക്രമിച്ചത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് പുള്ളിപ്പുലിയെ പിടികൂടിയതെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വൈൽഡ് ലൈഫ് (എപിസിസിഎഫ്, ഡബ്ല്യുഎൽ) ശാന്തി പ്രിയ പാണ്ഡെ പറഞ്ഞു. ഒന്നാം ഘട്ട റോഡിനോട് ചേർന്നുള്ള ഏഴാം മൈൽ പോയിന്റിന് സമീപമുള്ള മാമണ്ടൂർ മിട്ട പ്രദേശത്ത് നിന്നാണ് പുള്ളിപ്പുലിയെ പിടികൂടിയതെന്ന് പാണ്ഡെ പിടിഐയോട് പറഞ്ഞു.
വ്യാഴാഴ്ച രാത്രി മുത്തച്ഛനും മാതാപിതാക്കൾക്കുമൊപ്പം തിരുമല വനമേഖലയിലെ പടികളിലൂടെ മുന്നോട്ട് നടക്കുന്നതിനിടെയാണ് കുട്ടിയെ പുലി പിടിച്ചത്. ഒപ്പമുണ്ടായിരുന്നവർ ബഹളം വെച്ചതോടെ പുലി, കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു. ഈ ഭാഗത്താണ് പുലിയെ പിടിക്കാനായി കെണി വെച്ചത്. ഈ കെണിയിലാണ് പുലി കുടുങ്ങിയത്.
പുലിയുടെ ആക്രമണത്തിൽനിന്ന് രക്ഷപെട്ട കുട്ടിയെ ഉടൻ പത്മാവതി പീഡിയാട്രിക് ആശുപത്രിയിലേക്ക് മാറ്റി, അവിടെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ഞരമ്പുകളിലും സുഷുമ്നാ നാഡിയിലും മുറിവുകളില്ലെന്ന് വ്യക്തമായിട്ടുണ്ട. ഇപ്പോൾ കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
പുള്ളിപ്പുലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ശ്രീ വെങ്കിടേശ്വര ക്ഷേത്രം നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം സെക്യൂരിറ്റി ഗാർഡുകളുടെ അകമ്പടിയോടെ 200 പേരടങ്ങുന്ന സംഘങ്ങളായി മാത്രം ഭക്തരെ 7 മണിക്ക് ശേഷം നടപ്പാതയിൽ പ്രവേശിപ്പിക്കാൻ വെള്ളിയാഴ്ച തീരുമാനിച്ചു.