പ്രിയയുടെ അടി കൊണ്ടത് ആർക്കെല്ലാം

0
129

സജിത്ത് നായർ

പ്രിയാ വർഗീസിനെ വേട്ടയാടിയിയ മാധ്യമങ്ങൾ ഹൈക്കോടതി വിധിക്ക് മുമ്പിൽ ഇളഭ്യരായി നിൽക്കുന്ന കാഴ്ചയാണ് ഇന്നലെ കേരളം കണ്ടത്. മതിയായ യോഗ്യതയുണ്ടായിട്ടും ഒരു ഉദ്യോഗാർത്ഥിയായ വനിതയെ വളഞ്ഞിട്ട് ആക്രമിച്ച് ആനന്ദം കണ്ടവർ ഇന്ന് ” യോഗ്യ” എന്ന തലക്കെട്ട് നൽകി മാധ്യമ ധർമ്മം പാലിക്കുന്ന ഇരട്ടത്താപ്പിനും മലയാളി വായനക്കാർ സാക്ഷ്യം വഹിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ അസോഷ്യെയേറ്റ് പ്രെഫസർ നിയമനത്തിനായി റാങ്ക് പട്ടികയിൽ പ്രിയാ വർഗീസ് ഉൾപ്പെട്ടതാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അവരെ വേട്ടയാടാൻ കാരണമാക്കിയത്. ആ കാരണത്തിൻറെ അടിസ്ഥാനം അവരുട യോഗ്യതക്കുറവല്ല എന്ന് ആ വാർത്തകൾ പടച്ച് വിടുന്നവർക്കും അറിയാമായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ എന്നതുമാത്രമാണ് മാധ്യമങ്ങൾ അവർക്ക് കൽപ്പിച്ച് അയോഗ്യതയുടെ അടിസ്ഥാനം. ആ വേട്ടയാടലിന് ചാൻസിലർ കൂടി പങ്ക് ചേർന്നതോടെ ഇന്നലത്തെ ഹൈക്കോടതി വിധി ഇരുകൂട്ടരുടെയും കരണത്തിന് കിട്ടിയ കനത്ത പ്രഹരമായിമാറി. മാധ്യമങ്ങൾ മാപ്പ് പറയില്ല എന്ന് നമുക്കുറപ്പാണ്. കാരണം സ്വന്തം നുണ ഫാക്ടറികൾ പൊളിഞ്ഞ് വീഴുന്നത് അവർക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അതുകൊണ്ടുതന്നെ പ്രിയയുടെ യോഗ്യതയെക്കുറിച്ച് ഉത്കണ്ഠപ്പെട്ട് ആഴ്ചകളോളം അന്തിചർച്ച നടത്തി ആനന്ദിച്ചവർ ഇന്നലെ മൗന വ്രതത്തിലായിരുന്നു. “പ്രിയയ്ക്ക് ആശ്വാസം” എന്ന് ബ്രേക്കിംഗ് കാർഡും ഹെഡ്ലൈനും നൽകി ചാനൽ മുറികളിൽ നിരാശരായി അവർ തലകുനിച്ചിരുന്നു.

അന്തിചർച്ചയ്ക്ക് പ്രിയയെ വിട്ട് അവർ വിദ്യയുടെ പിന്നാലെ കൂടി. ഏറെനാൾ ചർച്ചചെയ്ത ഒരു വിഷയത്തിൽ സുപ്രധാന വിധി വന്നിട്ട് അത് തമസ്ക്കരിച്ച് തങ്ങൾക്ക് താൽപര്യമുള്ള വിഷയത്തിൽ ചർച്ച നടത്താനാണ് തുനിഞ്ഞത്. യഥാർത്ഥത്തിൽ പ്രിയയ്ക്ക് അനുകൂലമായ വിധി പ്രേക്ഷകരിൽ നിന്ന് പരമാവധി മറച്ചുവയ്ക്കുക എന്ന ഗൂഢതന്ത്രം അതിനു പിന്നിലുണ്ടെന്ന് ഉറപ്പാണ്. സ്ഥിരം പാനലിസ്റ്റുകളെ കൊണ്ടിരുത്തി വേണ്ടുന്നതും വേണ്ടാത്തതും വായിൽ തോന്നുന്നതും പറയിപ്പിച്ച് അന്തസ്സ് കെട്ട മാധ്യമപ്രവർത്തനം നടത്തിയവർ ഇന്നലെ മാളത്തിൽ ഒളിച്ചു. എന്നിട്ട് പറയുന്നതോ നേരോടെ നിർഭയം ഞങ്ങൾ നടത്തുന്നത് ഉദാത്ത മാധ്യമപ്രവർത്തനം എന്നാണ്. പ്രിയാ വർഗീസിൻറെ കേസിൽ ഡിവിഷൻ ബെഞ്ച് പറഞ്ഞത് ആർക്കൊക്കെ കൊള്ളും എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഇന്നലത്തെ ഹൈക്കോടതി വിധിയിൽ ഇത്തരം മാധ്യമ പുംഗവൻമാർ ആവർത്തിച്ച് വായിക്കേണ്ട മൂന്ന് കോളമുണ്ട്. അത് ചുവടെ ചേർക്കുന്നു.

ഈ കേസ് അവസാനിപ്പിക്കുന്നതിനു മുമ്പ്, ഈ കേസിന് ലഭിച്ച മാധ്യമശ്രദ്ധ കണക്കിലെടുത്ത് കുറച്ച് നിരീക്ഷണങ്ങൾ നടത്തുന്നത് ഉചിതമാണെന്ന് ഞങ്ങൾ കരുതുന്നു. അക്കാദമിക് ബോഡികളുടെ തീരുമാനങ്ങളിൽ ഇടപെടുമ്പോൾ കോടതികൾ ജാഗ്രത പാലിക്കേണ്ടത് വളരെ അനിവാര്യമാണ്, കാരണം പല തീരുമാനങ്ങളുടെയും നിയമസാധുത പരിശോധിക്കുമ്പോൾ അപരിചിതമായ പല കാര്യങ്ങളും കയറി വരും. അക്കാദമിക് പദപ്രയോഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകളുടെ യഥാർത്ഥ വ്യാപ്തി പരിശോധിക്കുമ്പോൾ പല ബുദ്ധിമുട്ടുകളും നേരിടും. കാരണം സന്ദർഭങ്ങൾക്കനുസരിച്ചു സ്വീകരിക്കാവുന്ന ധാരാളം വ്യാഖ്യാനങ്ങൾക്കുള്ള സാധ്യത ഇവിടെയുണ്ട്. അത്തരം സന്ദർഭങ്ങളിൽ, അക്കാദമിക് വിദഗ്ദ്ധരുടെ വീക്ഷണങ്ങൾക്ക് അർഹമായ വെയിറ്റേജ് നൽകുക എന്നതാണ് സ്വീകരിക്കാവുന്ന ഉചിതമായ തീരുമാനം. യുക്തി പ്രകാരം കേസുകളുടെ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ വിദഗ്ധ അക്കാഡമിക് സമിതികളുടെ തീരുമാനങ്ങൾക്ക് മതിയായ പരിഗണന നൽകാറുണ്ട്. അത്തരം സമിതികളുടെ തീരുമാനങ്ങളിൽ ഇടപെടുന്നത് നിയമത്തിലെ വകുപ്പുകളുടെ കൃത്യമായ ലംഘനം കാണപ്പെടുമ്പോഴോ അവരുടെ തീരുമാനങ്ങളിൽ ജൂഡിഷ്യൽ റിവ്യൂ ആവശ്യമുള്ള കാരണങ്ങൾ കാണുമ്പോഴോ ആണ്.

അക്കാദമിക് മേഖലയുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങൾക്ക് പതിവിൽ കവിഞ്ഞ മാധ്യമ ശ്രദ്ധ ലഭിക്കുകയും അതുമായി ബന്ധപ്പെട്ട ചർച്ചകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടങ്ങിയവ കോടതി വ്യവഹാരങ്ങളെ ബാധിക്കാതെ മൂന്നോട്ടു കൊണ്ടുപോകാൻ കോടതികൾ നിർബന്ധിതമാവുകയും ചെയ്യുന്ന സന്ദർഭങ്ങൾ വളരെ കൂടുതലാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇത്തരത്തിലുള്ള ചർച്ചകൾ ഒഴിവാക്കണമെന്ന് അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത് നിയമവാഴ്ച ശക്തിപ്പെടുത്തി നീതി നടപ്പിലാക്കുന്നത് എളുപ്പമാക്കാനാണ്.

കോടതിയിൽ കേസ് നടക്കുമ്പോൾ ഒരു ജഡ്ജിയുടെ വാക്കാലുള്ള പരാമർശങ്ങളെ അടിസ്ഥാനമാക്കി, മാന്യമല്ലാത്ത അഭിപ്രായങ്ങളിലൂടെയും പരാമർശങ്ങളിലൂടെയും കക്ഷിയുടെ അന്തസ്സിനും സൽപ്പേരിനും നഷ്ടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാധ്യമങ്ങൾക്ക് ഒഴിഞ്ഞുമാറാനാവില്ല. വ്യവഹാരത്തിൽ കക്ഷി വിജയിച്ചോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ല. വാദം കേൾക്കുന്ന ജഡ്‌ജി നടത്തുന്ന പരാമർശങ്ങൾ കേസിന്റെ മെറിറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളായി പരിഗണിക്കാനാവില്ലെന്ന് ഈയിടെ പറഞ്ഞത് രാജ്യത്തിന്റെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ്. ന്യായമായ വിചാരണയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും, അടുത്ത കാലത്തായി, സ്വകാര്യതയ്ക്കുള്ള അവകാശവും അതിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു (K.S. Puttaswamy & Anr v. Union of India & Ors ലെ സുപ്രീം കോടതി. – [(2017) 10 എസ്‌സി‌സി 11). പ്രസ്‌തുത വിധിക്ക് മുമ്പുതന്നെ, ഒരാളുടെ സൽപ്പേര് സംരക്ഷിക്കാനുള്ള അയാളുടെ അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിരുന്നു (നദ്കർണി – [(1983) 1 SCC 124]). 1965ലെ സിവിൽ, പൊളിറ്റിക്കൽ റൈറ്റ്‌സ് ഓൺ ഇന്റർനാഷണൽ കൺവെൻഷൻ, മറ്റുള്ളവരുടെ സൽപ്പേരിനുള്ള അവകാശത്തിന് വിധേയമായി മാത്രമേ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശവും നിലനിൽക്കുന്നുള്ളുവെന്ന് പറയുന്നു. ബിഹാർ വേഴ്സസ് ലാൽ കൃഷ്ണ അദ്വാനി- [(2003) 8 SCC 3611-ലും ഈ അവകാശം അംഗീകരിക്കപ്പെട്ടതാണ്.

ഒരു വ്യക്തിയുടെ നടപടികൾ മൂലം മറ്റൊരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവാതിരിക്കാൻ നമ്മുടെ മൗലികാവകാശങ്ങളിൽ പലതിനും ഭരണഘടന തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി ഗ്രാൻവിൽ ഓസ്റ്റിൻ നമ്മുടെ ഭരണഘടനയെക്കുറിച്ചുള്ള തന്റെ “The Indian Constitution – The Cornerstone of a Nation” എന്ന പ്രബന്ധത്തിൽ പറയുന്നുണ്ട്. ആർട്ടിക്കിൾ 23 ൽ വ്യക്തിയുടെ സ്വകാര്യതയെന്നത് മൗലികാവകാശമായി അംഗീകരിക്കപ്പെട്ട കാര്യമാണ്. സ്വന്തം അന്തസും സൽപ്പേരും സംരക്ഷിക്കാനുള്ള അവകാശവും അതിന്റെ ഭാഗമായി വരും. ഇതിന്റെ വ്യവസ്ഥകൾ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള നീക്കങ്ങളെ നിയന്ത്രിക്കാൻ വേണ്ടി മാത്രമല്ല ഉപയോഗിക്കേണ്ടത്. സ്വകാര്യവ്യക്തികൾ, മാധ്യമങ്ങളടക്കമുള്ള സ്ഥാപനങ്ങൾ തുടങ്ങിയവ മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്കും സൽപ്പേരിലേക്കും കൈകടത്തുന്നത് തടയാനും ഈ അവകാശം വഴി സാധിക്കണം. അതിനാൽ, മാധ്യമങ്ങൾ കോടതിയുടെ ഈ നിരീക്ഷണങ്ങൾ ശ്രദ്ധിക്കുമെന്നും വരും ദിവസങ്ങളിൽ സ്വമേധയാ ഉത്തരവാദിത്തമുള്ള പെരുമാറ്റരീതി അവലംബിച്ചു റിപ്പോർട്ട് ചെയ്യുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.”