എ ഐ ക്യാമറ; സർക്കാരിനേയും മോട്ടോർവാഹനവകുപ്പിനേയും പ്രശംസിച്ച് ഹൈക്കോടതി

0
97

സർക്കാരിനേയും മോട്ടോർവാഹനവകുപ്പിനേയും പ്രശംസിച്ച് ഹൈക്കോടതി സിംഗിൾ ബെഞ്ച്. എഐ ക്യാമറ സ്ഥാപിച്ചതിന് എതിർപ്പുകളില്ലെന്നും പദ്ധതിയെ നിരുൽസാഹപ്പെടുത്തരുതെന്നും കോടതി. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള നൂതന സംരംഭമായ എ ഐ ക്യാമറകൾ സ്ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്താനോ തടയാനോ ആകില്ലെന്നും കോടതി വ്യക്തമാക്കി. സാങ്കേതിവിദ്യ ഉപയോഗിച്ച് ഇത്തരമൊരു നൂതന സംവിധാനം നടപ്പാക്കിയ സർക്കാരിനെയും മോട്ടോർ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്. എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാർടികളിൽ നിന്നുപോലും വിമർശനമില്ല. അതേസമയം ക്യാമറയും മറ്റ് സാമഗ്രികളും വാങ്ങിയതിനെക്കുറിച്ച് മാത്രമാണ് ആരോപണങ്ങൾ. പുതിയൊരു സംരംഭമെന്നനിലയിൽ ചില കുറവുകളുണ്ടായേക്കാമെന്നും അതു പരിഹരിക്കപ്പെട്ടേക്കാമെന്നും കോടതി നിരീക്ഷിച്ചു. സാങ്കേതിക വിദ്യ പുരോഗമിച്ച കാലത്ത് എഐ ക്യാമറ സ്ഥാപിക്കുന്നത് നിയമലംഘനങ്ങൾ കണ്ടുപിടിക്കാനുള്ള നൂതനമായ ചുവട് വയ്പ്പാണെന്നും കോടതി നിരീക്ഷിച്ചു.

ആരോഗ്യകാരണങ്ങളാൽ ഹെൽമറ്റ് ധരിക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ഹർജിയിലാണ് കോടതി പരാമർശങ്ങൾ. ഹെൽമറ്റില്ലാതെ മൂവാറ്റുപുഴ ആർടിഒയുടെ പരിധിയിലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ അനുമതി നൽകണമെന്നുമാവശ്യപ്പെട്ട് മൂവാറ്റുപുഴ രാമമംഗലം സ്വദേശികളായ മോഹനനും ശാന്തയും നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. ഇരുചക്രവാഹനയാത്രക്കാരായ പൗരൻമാരെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ഹർജി തള്ളിയത്. യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കുകയെന്നത് രാജ്യത്തിന്റെ ഉത്തരവാദിത്തമായതിനാലാണ് ഇരുചക്രവാഹനയാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയത്. രാജ്യത്തെ മോട്ടോൽ വാഹന നിയമങ്ങൾ ഇരുചക്രവാഹനയാത്രക്കാർക്കും ബാധകമാണ്. എ ഐ ക്യാമറയിൽ നിന്ന് രക്ഷപെടാനായി നിയമം ലംഘിച്ച് ഇരുചക്രവാഹനയാത്ര നടത്താൻ അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു.

പൊതുഗതാഗത സൗകര്യം കുറവായതിനാൽ മാറാടി പഞ്ചായത്തിലെ താമസക്കാരായ ഹർജിക്കാർ നിത്യജീവിത ആവശ്യങ്ങൾക്ക് മൂവാറ്റുപുഴ നഗരത്തെയാണ് ആശ്രയിക്കുന്നത്. ഇരുചക്രവാഹനം ഉപയോഗിക്കുന്ന ഹർജിക്കാർ കടുത്ത തലവേദനയടക്കമുള്ള അസുഖത്തിന് ചികിത്സയിലായതിനാൽ ഹെൽമറ്റ് ധരിക്കാനാവില്ല. നഗരത്തിൽ പലയിടത്തും എഐ ക്യാമറകളുള്ളതിനാൽ ഹെൽമറ്റ് ധരിക്കാതെ യാത്രയ്ക്ക് പിഴ ഈടാക്കും. അതിനാൽ മൂവാറ്റുപുഴ ആർടിഒയുടെ പരിധിയിലുള്ള സ്ഥലങ്ങളിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഹെൽമറ്റ് വയ്ക്കാൻ കഴിയാത്ത തരത്തിൽ അുസഖങ്ങളുള്ളവർ ഇരുചക്രവാഹനയാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് കോടതി വ്യക്തമാക്കി.