പാകിസ്താനുമായി ചേർന്ന് ഇന്ത്യക്ക് എതിരായി ജനവികാരം ഉണ്ടാക്കാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് തിരുത്തി; രണ്ടു ഡോക്ടർമാരെ പിരിച്ചുവിട്ടു

0
98

ആകസ്മികമായി മുങ്ങിമരിച്ച രണ്ടു യുവതികളുടെ പോസ്റ്റുമോർട്ട് റിപ്പോർട്ടിൽ കൃത്രിമത്വം കാട്ടിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കശ്മീരിലെ ഷോപ്പിയാനിൽ മുങ്ങിമരിച്ച ആസ്യ, നീലോഫർ എന്നിവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഡോ. ബിലാൽ അഹമ്മദ് ദലാൽ, ഡോ. നിഗത് ഷഹീൻ ചില്ലു എന്നിവർ ചേർന്ന് കൃത്രിമത്വം കാട്ടിയത്. ഇന്ത്യൻ സൈനികർ യുവതികളെ ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തിരുത്തൽ വരുത്തി സ്ഥാപിക്കാനും, അതുവഴി ഇന്ത്യയ്ക്കെതിരെ ജനവികാരം ഇളക്കിവിടാനുമാണ് ഡോക്ടർമാരുടെ ശ്രമമെന്നാണ് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഡോ. ബിലാൽ അഹമ്മദ് ദലാൽ, ഡോ. നിഗത് ഷഹീൻ ചില്ലു എന്നിവരെ സർവീസിൽനിന്ന് പിരിച്ചുവിട്ടത്.

2009 മെയ് 29നാണ് അസ്യയും നീലോഫറും മുങ്ങിമരിക്കുന്നത്. ഇരുവരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായാണ് പിന്നീട് കണ്ടെത്തിയത്. യുവതികളെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന തരത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്തിയത്. ഇതിന് പിന്നിൽ സുരക്ഷാസേനയാണെന്ന് വരുത്തിതീർത്ത് ഇന്ത്യൻ ഭരണകൂടത്തിനെതിരെ അസംതൃപ്തി സൃഷ്ടിക്കുക എന്നതായിരുന്നു ഇരുവരുടെയും ആത്യന്തിക ലക്ഷ്യം. ഡോ. ബിലാലും ഡോ. നിഗത്തും പാകിസ്ഥാൻ ഐഎസ്‌ഐക്കും തീവ്രവാദ സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഇക്കാര്യം തെളിഞ്ഞതിനെ തുടർന്ന് രണ്ട് ഡോക്ടർമാരെ പിരിച്ചുവിടാൻ സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ 311 (2) (സി) വകുപ്പ് അനുസരിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. അന്നത്തെ സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് വസ്തുതകളെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി. ഈ വിഷയത്തിൽ പ്രതിഷേധം ശക്തമായി കലാപം ആളിപ്പടർന്നെങ്കിലും ഇക്കാര്യം ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നുവെന്നും കണ്ടെത്തി.

ഷോപ്പിയാൻ സംഭവത്തിൽ ഏഴു മാസത്തോളം കശ്മീർ താഴ്‌വരയിൽ വ്യാപക അതിക്രമങ്ങളാണ് അരങ്ങേറിയത്. 2009 ജൂൺ മുതൽ ഡിസംബർ വരെയുള്ള ഏഴ് മാസങ്ങളിൽ ഹുറിയത്ത് പോലുള്ള ഗ്രൂപ്പുകൾ 42 തവണയാണ് ബന്ദിനും മറ്റ് പ്രതിഷേധ സമരങ്ങൾക്കും ആഹ്വാനം ചെയ്തത്. ഇത് താഴ്‌വരയിൽ വ്യാപകമായ കലാപത്തിന് കാരണമായി.

താഴ്‌വരയിലെ എല്ലാ ജില്ലകളിൽ നിന്നും 600 ഓളം ചെറുതും വലുതുമായ ക്രമസമാധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിന്റെ ആഘാതം തൊട്ടടുത്ത വർഷം വരെ നീണ്ടുനിന്നു. കലാപം, കല്ലേറ്, തീവെപ്പ് തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ പോലീസ് സ്റ്റേഷനുകളിലായി 251 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പ്രതിഷേധത്തിനിടെ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും 103 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, 29 പോലീസ് ഉദ്യോഗസ്ഥർക്കും ആറു അർദ്ധ സൈനികർക്കും പരിക്കേറ്റു. കണക്ക് പ്രകാരം ഈ ഏഴ് മാസത്തിനിടെ കശ്മീരിലെ വ്യാപാരികൾക്ക് 6000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.