96 മണിക്കൂര്‍ കഴിഞ്ഞിട്ടും ‘ഓഷൻ ഗേറ്റ് ടൈറ്റൻ’ കണ്ടെത്താനായില്ല

0
35

ടൈറ്റനിൽ ഉണ്ടായിരുന്ന ഓക്സിജന്‍ ഏകദേശം തീര്‍ന്നിട്ടുണ്ടാകും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ആശങ്കയും ഉയരുകയാണ്. 96 മണിക്കൂര്‍ കഴിഞ്ഞിട്ടും ‘ഓഷൻ ഗേറ്റ് ടൈറ്റൻ’ എന്ന പേടകം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇതോടെ ഉള്ളിലെ സഞ്ചാരികളുടെ ജീവന്‍ രക്ഷിക്കുക എന്നത് ഏറെ പ്രതിസന്ധി നിറഞ്ഞതാകുന്നു. അതേസമയം പേടകം തിരയാൻ എത്തിച്ച റോബട്ടിക് പേടകം ‘വിക്ടർ 6000’ രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിലെത്തിയിട്ടുണ്ട്.

സമുദ്രാന്തർ തിരച്ചിൽയാനങ്ങളിൽ ഏറെ പ്രശസ്തിയുള്ള റോബട്ടിക് പേടകമാണ് വിക്ടർ 6000. 19,600 അടി (6000 മീറ്റർ) താഴ്ചയിൽ വരെ തിരച്ചിൽ നടത്താൻ ഇതിന് സാധിക്കും. രണ്ടു പൈലറ്റുമാർ അടങ്ങുന്ന സംഘങ്ങൾ നാലു ഷിഫ്റ്റുകളിലായി, കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലെ കൺട്രോൾ റൂമിലിരുന്ന് വിക്ടറിന്റെ പ്രവർത്തനങ്ങളും സ‍ഞ്ചാരപാതയും നിരീക്ഷിക്കും. ഇവർക്കു പുറമേ ഒരു മൂന്നാമനും സഹായത്തിനുണ്ടാകും. ഇയാൾ‌ കനേഡിയൻ കോസ്റ്റ് ഗാർഡിലെയോ ഓഷൻ ഗേറ്റ് ടൈറ്റനിലെയോ ജീവനക്കാരനാകും. വിക്ടർ 6000 ലെ ലൈറ്റുകളും ക്യാമറകളും കടലിന്റെ അടിത്തട്ടിലെ തത്സമയ ദൃശ്യങ്ങൾ കൺട്രോൾ റൂമിലെത്തിക്കും.

എട്ടു കിലോമീറ്റർ ദൂരത്തിലുള്ള മാതൃകപ്പലുമായി വിക്ടർ 6000 ഒരു കേബിൾ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. വിക്ടറിന് ആവശ്യമായ വൈദ്യുതി ഈ കപ്പൽ നൽകും. അതിനാൽ എത്ര ആഴത്തിൽ വേണമെങ്കിലും വിക്ടറിന് തിരച്ചിൽ നടത്താം. ആവശ്യമെങ്കിൽ ഈ കേബിളുകളുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ക്രമീകരണങ്ങളും വിക്ടറിലുണ്ട്. വിക്ടറിനു പുറമേ, ആറായിരം അടി താഴ്ചയിൽ വരെ തിരച്ചിൽ നടത്താൻ സഹായിക്കുന്ന മറ്റ് ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്..