കാട്ടാക്കടയുടെ വികസനസാധ്യതകൾക്ക് ഊർജ്ജം പകർന്ന് ‘വിഷൻ കാട്ടാക്കട’

0
72

‘വിഷൻ കാട്ടാക്കട’ കേരളത്തിനാകെ മാതൃകയാകണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കി വരുന്ന വിവിധ ജനകീയ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും, സമയബന്ധിതമായി പൂർത്തികരിക്കുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ‘വിഷൻ കാട്ടാക്കട’ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥരുമാണ് കില സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുത്തത്.

വിഷൻ കാട്ടാക്കടയുടെ പ്രത്യേകത, പദ്ധതിയുടെ സമഗ്രതയാണെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ വികസനം ലക്ഷ്യമിട്ട് എല്ലാ മേഖലകളിലുമുള്ള പുരോഗതിയാണ് പദ്ധതിയെ വേറിട്ട് നിർത്തുന്നതെന്നും മറ്റ് മണ്ഡലങ്ങളിലെ സവിശേഷതകൾക്കനുസരിച്ച് ജനപ്രതിനിധികൾ വിഷൻ കാട്ടാക്കട മാതൃകയാക്കി അവിടങ്ങളിൽ നടപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശുചിത്വമെന്നത് നാടിന്റെ അനിവാര്യതയാണെന്നും മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് സമഗ്ര നിയമനിർമാണം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. മാലിന്യസംസ്‌കാരണത്തിലും ശുചിത്വത്തിലും കാട്ടാക്കടയ്ക്ക് മാതൃക സൃഷ്ടിക്കാൻ കഴിയുമെന്നും ശില്പശാലയിൽ പുതിയ ആശയങ്ങളും പദ്ധതികളും രൂപപ്പെടുമെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കടയിൽ നടപ്പാക്കുന്ന ലഹരി രഹിത മണ്ഡലത്തിനായുള്ള ‘കൂട്ട് ‘പദ്ധതിയെ മന്ത്രി പ്രശംസിച്ചു.

ജനകീയ ജലസംരക്ഷണ പദ്ധതി ജലസമൃദ്ധി, സ്ത്രീ സൗഹൃദ മണ്ഡലത്തിനായുള്ള ഒപ്പം, മയക്കുമരുന്ന രഹിത മണ്ഡലത്തിനായുള്ള കൂട്ട്, കാർബൺ തുലിതത്തിനായുള്ള കാർബൺ ന്യൂട്രൽ കാട്ടാക്കട, സംരംഭക സൗഹൃദമണ്ഡലത്തിനായുള്ള കെ.ഐ.ഡി.സി, സമഗ്രവിദ്യാഭ്യാസ സംരക്ഷണത്തിനായുള്ള കാട്ടാൽ എഡ്യൂകെയർ തുടങ്ങിയ പദ്ധതികളുടെ അവലോകനവും അടുത്ത മൂന്ന് വർഷത്തെ പദ്ധതികളുടെ നടത്തിപ്പുമാണ് ശില്പശാലയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ചർച്ചയിൽ ഉരുതിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ‘വിഷൻ കാട്ടാക്കട ‘ എന്ന പേരിൽ പദ്ധതി രേഖ തയാറാക്കും.

വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന ശില്പശാലയിൽ ജലസമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട്ട് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് തയാറാക്കിയ റിപ്പോർട്ടിന്റെയും കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് സി-ഡിറ്റിന്റെ സഹായത്തോടെ തയാറാക്കിയ വീഡിയോ സി.ഡിയുടെയും പ്രകാശനവും നടന്നു. ‘ജലസമൃദ്ധി വിലയിരുത്തൽ’ റിപ്പോർട്ട് സിഡിസി ഡയറക്ടർ സി.വീരമണിക്ക് നൽകിയും ‘ജലസമൃദ്ധി ഏഴ് വർഷങ്ങൾ ‘ വീഡിയോ സി.ഡി, സി-ഡിറ്റ് ഡയറക്ടർ ജി.ജയരാജിന് നൽകിയും മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.

മനസിലാണ് വികസനം ആദ്യ ഉണ്ടാകേണ്ടതെന്ന് അധ്യക്ഷനായിരുന്ന ഐ.ബി സതീഷ് എം.എൽ.എ പറഞ്ഞു. കാർബൺ ന്യൂട്രൽ കാട്ടാക്കട ഉൾപ്പെടെയുള്ള പദ്ധതികൾ വിജയത്തിലെത്തിക്കാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. വിഷൻ കാട്ടാക്കട ലക്ഷ്യമിടുന്നത് വിദ്യാർത്ഥി സമൂഹത്തെയാണെന്നും വിദ്യാർത്ഥികളിലെത്തുന്ന ആശയങ്ങളാണ് നാളത്തെ യാഥാർത്ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, കാട്ടാക്കട, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ, മലയിൻകീഴ്, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ എ.നിസാമുദ്ദീൻ, വിവിധ വകുപ്പുകളുടെ നിർവഹണ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.