കേരളത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് വീണാ ജോർജ്

0
51

കേരളത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് വീണാ ജോർജ്. കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. പനിയുള്ളതായി ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ പാടില്ല. ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്ക് വേണ്ട മുൻകരുതൽ നൽകിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ചയുണ്ടാകാൻ പാടില്ല. ഡെങ്കിപ്പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തി സ്ഥിതി​ഗതികൾ വിലയിരുത്തും. കോവിഡ് കേസുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

എലിപ്പനി, ഡെങ്കിപ്പനി എന്നിവയിൽ ജാ​ഗ്രത പുലർത്തണമെന്ന് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. വീടുകളിൽ കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണം. സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകുമെന്നും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നുമാണ് വിലയിരുത്തൽ.

പനി ബാധിച്ച് ഇന്നലെ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത് മലപ്പുറം ജില്ലയിലാണ് . 2095 പേരാണ് മലപ്പുറം ജില്ലയിൽ ഇന്നലെ മാത്രം ചികിത്സ തേടിയത്. കോഴിക്കോട്– 1529, എറണാകുളം- 1217, തിരുവനന്തപുരം– 1156 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്കുകൾ. ആകെ 12,876 പേരാണ് പനിബാധിച്ച് ആശുപത്രികളിലെത്തി ചികിത്സ തേടിയത്. 20 ദിവസത്തിനിടെ ഒന്നേ മുക്കാൽ ലക്ഷം പേർക്ക് പനി ബാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.