സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സുധാകരൻ അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുനശിപ്പിക്കുകയോ ചെയ്യരുത്. സുധാകരനെ അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ ബോണ്ട് വ്യവസ്ഥയിൽ ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സുധാകരൻ ഈ മാസം 23ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. മുന്‍ ഐ.ജി. ലക്ഷ്മണയ്ക്കും ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലാണ് കെ.സുധാകരനെ പ്രതി ചേര്‍ത്തത്. വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച് മോന്‍സന്‍ മാവുങ്കല്‍ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിലാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്. കേസില്‍ സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മോന്‍സനാണ് ഒന്നാംപ്രതി.
ലോകത്തെ ഏറ്റവുംവലിയ പുരാവസ്തുമ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി.ഷമീര്‍, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശ്ശൂര്‍ സ്വദേശി അനൂപ് അഹമ്മദ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് മോന്‍സനെ 2021 സെപ്റ്റംബര്‍ 26-ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. 25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ കെ.സുധാകരന്‍ എംപി മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് പരാതിക്കാർ ആരോപിച്ചത്.