തിരുവനന്തപുരം: ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ പേരിലുള്ള വ്യാജ ഡിഗ്രി ആരോപണം അടിസ്ഥാനരഹിതമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. നിഖിലിന്റേത് വ്യാജ സർട്ടിഫിക്കറ്റാണെന്നാണ് മാധ്യമങ്ങൾ നൽകിയ വാർത്ത. എന്ത് അടിസ്ഥാനത്തിലാണ് അത്തരമൊരു വാർത്ത നൽകിയതെന്ന് ആർഷോ ചോദിച്ചു. നിഖിൽ ഹാജരാക്കിയ മുഴുവൻ സർട്ടിഫിക്കറ്റുകളും പരിശോധിച്ചു. അവയിൽ ഒന്നു പോലും വ്യാജമല്ലെന്ന് ആർഷോ പറഞ്ഞു.
നിഖിൽ പരീക്ഷയെഴുതി പാസായ വ്യക്തിയാണ്. മുഴുവൻ രേഖകളും നിയമപരമാണ്. നിഖിലിന്റെ പേരിൽ കേസെടുക്കേണ്ട ആവശ്യമെന്താണെന്നും ആക്ഷേപമുള്ളവർ പരാതി നൽകണമെന്നും ആർഷോ പ്രതികരിച്ചു. രണ്ട് ദിവസമായി നൽകിയ വാർത്തകളിലെല്ലാം വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നാണ് പറഞ്ഞിരുന്നത്. അത് എന്തു തരത്തിലുള്ള മാധ്യമ സ്വാതന്ത്ര്യമാണെന്ന് ആർഷോ ചോദിച്ചു.
Also Read: കോൺഗ്രസിൽ തുറന്ന പോര്; വി ഡി സതീശൻ ഒറ്റപ്പെടുന്നു
മാധ്യമങ്ങൾ വാർത്ത നൽകിയ ശേഷമാണ് എംഎസ്എഫും കെ എസ് യുവും പരാതി നൽകിയത്. അതിൽ മാത്രമല്ല അന്വേഷണം വേണ്ടത്. ആലപ്പുഴ കെ എസ് യു കൺവീനറുടെ വ്യാജ മാർക്ക് ലിസ്റ്റ്, കാലിക്കറ്റ് എംഎസ്എഫ് തട്ടിപ്പ് എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് ആവേശമില്ല. റെഗുലർ വിദ്യാർത്ഥിയല്ലാത്ത ആളാണ് എംഎസ്എഫിന്റെ സ്ഥാനാർത്ഥിയായി സെനറ്റിലേക്ക് മത്സരിച്ചത്. ഈ വിഷയങ്ങളിൽ എസ്എഫ്ഐ പരാതി നൽകിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് ഈ വിഷയങ്ങളിൽ ആവേശമില്ലെങ്കിൽ പോലീസിന് ആവേശമുണ്ടെന്ന് ആർഷോ പറഞ്ഞു.
കെ എസ് യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ് നിങ്ങളെല്ലാവരും കണ്ടു. നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് നിങ്ങൾ കണ്ടിട്ടില്ല. എന്നാൽ അക്കാര്യത്തിൽ വലിയ ആവേശമാണ്. മാധ്യമങ്ങൾ വാർത്ത നൽകുന്നതിൽ ഞങ്ങൾക്ക് കുഴപ്പമില്ല. എന്നാൽ നിക്ഷ്പക്ഷമാണെന്ന് അവകാശപ്പെടരുതെന്ന് ആർഷോ വ്യക്തമാക്കി.