സുധാകരൻ അവിടെ ഉണ്ടായിരുന്നോ? അന്ന് മോൺസൺന്റെ അഭിഭാഷകൻ പറഞ്ഞത് ഇങ്ങനെ; മാതൃഭൂമി റിപ്പോ‍ർട്ട് ചെയ്തത് ഓർമ്മിപ്പിച്ച് പിഎം മനോജ്

0
123

ദേശാഭിമാനിയിൽ വന്ന വാർത്ത അധികരിച്ചു എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിച്ചപ്പോൾ അദ്ദേഹത്തെ വെല്ലു വിളിക്കുന്നു. ആ വാർത്ത അച്ചടിച്ച് വന്ന ദിവസം തന്നെ മാതൃഭൂമിയിൽ ഒരു വാർത്തയുണ്ട്.

അത് ഇങ്ങനെ: “സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ഉന്നതരാഷ്ട്രീയക്കാർ അവിടെ വരാറുണ്ടായിരുന്നോ, ബന്ധമുണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന്‌ മറുപടിയായി അതിജിവിത സുധാകരന്റെ പേര്‍ പറയുന്നുണ്ട്‌. അവതാരകന്‍ ചോദിച്ചത്‌ വ്യാജപുരാവസ്തു സംബന്ധിച്ച കേസുമായി ബന്ധപ്പെട്ടാണോ, പീഡനവുമായി ബന്ധപ്പെട്ടാണോ എന്ന്‌ വൃക്തമല്ലെന്നും ശ്രീജിത്ത്‌ പറഞ്ഞു.”

ഈ ശ്രീജിത്ത് മോൺസൺ മാവുങ്കലിന്റെ അഭിഭാഷകനാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപ്പോൾ മോൺസന്റെ വക്കീലിന് സംശയമില്ല- അതിജീവിത സുധാകരന്റെ പേര് പറഞ്ഞിട്ടുണ്ട്. അത് ഏതു സന്ദർഭത്തിൽ എന്നതേ സംശയമുള്ളൂ. മോൺസൺ ഒന്നാം പ്രതിയായ വഞ്ചനാ കേസിലെ രണ്ടാം പ്രതി കെ സുധാകരനാണ്. ഈ കേസിലെ രണ്ടാം പ്രതി മറ്റേ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയമേ അവശേഷിക്കുന്നുള്ളൂ. അത് പോലീസ് അന്വേഷിക്കുമ്പോൾ വ്യക്തത വരേണ്ട കാര്യമാണ്.

ആ അന്വേഷണം നടക്കുന്നതിനു സഹായം നൽകുന്നതിന് പകരം, ജീവിതാവസാനം വരെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് “സർ” സ്ഥാനം കൊടുത്തും കേസിനെക്കുറിച്ചു അഭിപ്രായം പറഞ്ഞ ഗോവിന്ദൻ മാസ്റ്ററെയും വാർത്ത റിപ്പോർട്ട് ചെയ്ത ദേശാഭിമാനിയെയും മഹാപരാധികളാക്കിയും കുറ്റവാളികൾക്ക് രക്ഷാകവചം ഒരുക്കുന്നത് ഏതു മാധ്യമ ധാർമ്മികതയാണ്? ദേശാഭിമാനിക്ക് ധാർമികതാ ക്ലാസ് എടുക്കുന്നതിനു മുൻപ് ഒരു നിമിഷം ആലോചിക്കുക.

ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപിൽ സിപിഐഎം പ്രവർത്തകൻ ഓമനക്കുട്ടൻ പൈസ വെട്ടിപ്പ് നടത്തിയിട്ടുണ്ടോ?
കെവിൻ വധത്തിൽ ഡി വൈ എഫ് ഐ ക്ക്‌ പങ്കുണ്ടായിരുന്നോ? എഴുതാത്ത പരിക്ഷ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജയിച്ചിട്ടുണ്ടോ? ആർഷോ എന്തെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോ? എംഎം മണി കൊലപാതകം നടത്തിയിട്ടുണ്ടോ? ഏതെങ്കിലും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? അമേരിക്കയിൽ മുഖ്യമന്ത്രിക്ക്‌ ഒപ്പമിരിക്കാൻ 82 ലക്ഷം രൂപ ഫീസ് ഏർപ്പെടുത്തിയിരുന്നോ? സഖാവ് കോടിയേരി ബാലകൃഷ്ണൻ ഏലസ്സ് കെട്ടിയിരുന്നോ? ആറു ചോദ്യങ്ങൾ മാത്രം.

എല്ലാം സമീപകാലത്തുള്ളതായതുകൊണ്ട് തെരഞ്ഞെടുത്തു എന്നെ ഉള്ളൂ. ഇങ്ങനെ നൂറുകണക്കിന് ചോദ്യങ്ങൾ വേറെ ഉണ്ട് എന്നത് തൽക്കാലം മറക്കുന്നു. ഈ അഞ്ചിൽ ഏതെങ്കിലും ഒരു ചോദ്യത്തിന് ഇന്ന് “ഉണ്ട്” എന്ന ഉത്തരം നൽകാൻ കേരളത്തിലെ പ്രധാനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചാനലിനോ പത്രത്തിനോ കഴിയുമോ?

നിങ്ങൾ ഓമനക്കുട്ടനെ വേട്ടയാടി. കെവിൻ എന്ന ചെറുപ്പക്കാരനെ കൊന്നതിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഉണ്ട് എന്ന് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ദിവസം വരെ നുണ പറഞ്ഞു. ആർഷോ മാർക്ക്ലിസ്റ് തട്ടിപ്പുകാരനാണ് എന്ന് സ്ഥാപിക്കാൻ ചർച്ചകൾ സംഘടിപ്പിക്കുകയും എസ്എഫ്ഐയെ കരിതേക്കാൻ ഫീച്ചറുകളെഴുതുകയും ചെയ്തു. എം എം മണിയെ ഒരു പ്രസംഗത്തിന്റെ മറവിൽ ഭരണകൂടം വേട്ടയാടുമ്പോൾ വിളക്കുപിടിച്ചു മുന്നിൽ നടന്നതും ചെണ്ടയടിച്ച പ്രോത്സാഹനം നൽകിയതും നിങ്ങളായിരുന്നു.

ന്യൂയോർക്കിലെ ലോകകേരള സഭാ സമ്മേളനം നടത്തിപ്പിന് സ്പോണ്സർഷിപ്പിന്റെ വഴി സംഘാടകർ തേടിയപ്പോൾ, മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ പണം പിരിക്കുന്നു എന്ന കള്ളക്കഥ ലജ്ജയില്ലാതെ നിങ്ങൾ അവതരിപ്പിച്ചു, പ്രചരിപ്പിച്ചു. കടുത്ത പ്രമേഹ രോഗിയായിരുന്നു കോടിയേരിയുടെ കയ്യിൽ രക്തത്തിലെ പഞ്ചസാര മോണിറ്റർ ചെയ്യാൻ ഘടിപ്പിച്ച ഉപകരണത്തെ “ഏലസ്സാക്കി മാറ്റി ” കോടിയേരി എന്ന കമ്മ്യൂണിസ്റ്റിനെ നിങ്ങൾ അപഹസിക്കാൻ ശ്രമിച്ചു.

ഈ ആറു കാര്യങ്ങളിൽ ഏതെങ്കിലും അന്നത്തെ അതേ ശക്തിയിൽ നിങ്ങൾക്ക് ആവർത്തിക്കാൻ ധൈര്യമുണ്ടോ? എല്ലാം തെറ്റായിരുന്നുവെന്ന് അസന്ദിഗ്ധമായി തെളിഞ്ഞിട്ടും പഴയ വാർത്ത പിൻവലിക്കാനോ ക്ഷമാപണം നടത്താനോ നിങ്ങൾ ആരെങ്കിലും തയാറായിട്ടുണ്ടോ? ആ നിങ്ങൾ ഇപ്പോൾ “ദേശാഭിമാനി”യെ ഓഡിറ്റ് ചെയ്യാൻ ഇറങ്ങിയതിൽ സന്തോഷം. പക്ഷെ ഈ ഓഡിറ്റിങ്ങിന്റെ ഇരട്ടത്താപ്പും സ്വന്തം കുറ്റങ്ങൾ മറച്ചുവെക്കാനുള്ള ത്വരയും ഈ നാട്ടിലെ സാധാരണ വായനക്കാർ തിരിച്ചറിയില്ല എന്ന മോഹം മാറ്റിവെക്കുന്നതാകും നല്ലത്.