തിരുവനന്തപുരം: പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലിനെ ശത്രുപക്ഷത്ത് നിർത്താൻ താൽപര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അയാൾ തന്നോട് സ്നേഹപൂർവം പെരുമാറിയ ആളാണ്. താൻ ഏൽപ്പിച്ച പല കാര്യങ്ങളും അദ്ദേഹം ചെയ്തു തന്നിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
താൻ പാരമ്പര്യ വൈദ്യത്തിന്റെ ചികിത്സ സ്വീകരിക്കുന്നവനും അതിന്റെ സുഖം അനുഭവിക്കുന്നവനുമാണ്. തന്റെ അനുഭവത്തിൽ മെഡിക്കൽ സയൻസിനൊപ്പം നിൽക്കുന്ന ചികിത്സകൾ നാട്ടിലുണ്ടെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞാൻ പാരമ്പര്യ വൈദ്യത്തിന്റെയും ആദിവാസി വൈദ്യത്തിന്റെയും ചികിത്സ സ്വീകരിച്ചിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു.
“എനിക്ക് അദ്ദേഹത്തെ ശത്രുപക്ഷത്ത് നിർത്താൻ താൽപര്യമില്ല. എന്നോട് വളരെ സ്നേഹപൂർവം പെരുമാറിയ ആളാണ്. ഞാൻ ഏൽപ്പിച്ച പലകാര്യങ്ങളും അദ്ദേഹം എനിക്ക് ചെയ്തു തന്നിട്ടുണ്ട്.” സുധാകരൻ വ്യക്തമാക്കി.
Also Read: നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ ഒറിജിനൽ; എസ്എഫ്ഐയുടെ പൂർണ പിന്തുണയെന്ന് ആർഷോ
താൻ മാത്രമല്ല, ദേവൻ അടക്കമുള്ള സിനിമാ താരങ്ങളും മോൺസന്റെ അടുത്ത് പോയിട്ടുണ്ട്. പോലീസ് ഓഫീസർമാരും സിനിമാ താരങ്ങളും അവിടെ വന്നിട്ടുണ്ട്. അവരാരും പ്രതികളാകാത്തത് അവരുടെ ഭാഗ്യമാണെന്ന് സുധാകരൻ പറഞ്ഞു.
മോൺസൺ തട്ടിപ്പുകാരനാണെന്ന് താൻ പറയേണ്ടതില്ല. പോലീസ് കേസെടുത്തതോടെ അത് തട്ടിപ്പു കേസായില്ലേ. പിന്നെ അതിന്റെ പുറത്ത് തട്ടിപ്പുകാരനാണെന്ന എന്റെ സർട്ടിഫിക്കറ്റ് വേണോ? സുധാകരൻ ചോദിച്ചു. മോൺസൺ പഠിക്കാത്ത ഡോക്ടറാണെന്ന് പോലീസ് പറഞ്ഞാൽ അതിനപ്പുറത്ത് ഒരു സർട്ടിഫിക്കറ്റ് സുധാകരൻ കൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മോൺസൺ മാവുങ്കൽ ഉൾപ്പെടുന്ന വഞ്ചനാ കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരൻ.
അതേസമയം മോൺസൺ മാവുങ്കൽ കേസിൽ പോലീസ് ഉദ്യോഗസ്ഥരെയും പ്രതി ചേർത്തിരുന്നു. ഐജി ജി ലക്ഷ്മണ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരെയാണ് പ്രതിചേർത്തത്. ഇരുവർക്കുമെതിരെയുള്ള റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ സമർപ്പിച്ചു. മോൺസണുമായി ബന്ധപ്പെട്ട് ഇരു ഉദ്യോഗസ്ഥർക്കുമെതിരെ നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. മോൺസന്റെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിൽ അടക്കം ഇവർ പങ്കെടുത്തിരുന്നു.