ഒരു വ‍ർഷം കൂടി കാത്തിരിക്കൂ; ആറര മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തു നിന്നും കാസർകോടെത്താം

0
145

തിരുവനന്തപുരം: കേരളത്തിന്റെ തെക്കേ അറ്റത്തു നിന്നും വടക്കേ അറ്റത്തേക്ക് 110 കി മി വേ​ഗത്തിൽ പായാൻ ഇനി വേണ്ടത് ഒരു വ‍ർഷം മാത്രം. കാരോട്-തലപ്പാടി വരെയുള്ള എൻഎച്ച് 66 ആറുവരി പാത യാഥാ‍ർഥ്യമാകുന്നതോടെ കേരളത്തിന്റെ സഞ്ചാര വേ​ഗമേറും. തമിഴ്നാടുമായി അതി‍ർത്തി പങ്കിടുന്ന കാരോട് മുതൽ കർണാടകവുമായി അതിർത്തി പങ്കിടുന്ന തലപ്പാടി വരെയെത്തണമെങ്കിൽ നിലവിൽ 90 കി മി വേ​ഗത്തിൽ മാത്രമേ വാഹനം ഓടിക്കാൻ സാധിക്കൂ. എന്നാൽ അറുവരി പാത യാഥാർത്ഥ്യമാകുന്നതോടെ വേ​ഗപരിധി 110 കിമി ആയി മാറും. ഇതോടെ സംസ്ഥാനത്തിന്റെ തെക്കു മുതൽ വടക്കോട്ട് സഞ്ചരിക്കാനുള്ള സമയം 6.30 മണിക്കൂറായി മാറും കുറയും. 631.8 കി മി ദൂരത്തിലാണ് നിലവിൽ ദേശീയപാത 66 ന്റെ നിർമാണം നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ റോഡുകളുടെ വേ​ഗപരിധി സംസ്ഥാന സ‍ർക്കാർ പുതുക്കിയത്. എക്സ്പ്രസ് വേയിൽ പരമാവധി 110 കി മി വേ​ഗത്തിലാണ് വാഹനം ഓടിക്കാൻ കഴിയുക. എന്നാൽ സംസ്ഥാനത്ത് എക്സ്പ്രസ് വേ ഇല്ലാത്തതിനാലാണ് ആറുവരി പാതയിലെ പരമാവധി വേ​ഗം 110 കി മി ആയി നിശ്ചയിച്ചത്. ജൂലൈ ഒന്ന് മുതലാണ് പുതുക്കിയ വേ​ഗപരിധി നിലവിൽ വരുന്നത്.

കേരളത്തിലെ എട്ട് ദേശീയ പാതകളിൽ പരമാവധി വേ​ഗത 90 കി മിയിൽ നിന്നും 100 കി മി ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ നാലുവരി പാതയിൽ ​90 കി മി ആയിരുന്നു പരമാവധി വേ​ഗം. വേ​ഗപരിധി പുനർനി‍ർണയിച്ചത് കെഎസ്ആ‍ർടിസി അടക്കമുള്ള ദീർഘദൂര സർവീസുകൾക്ക് ​ഗുണം ചെയ്യും. സ്പീഡ് ​ഗവർണറിൽ ഇതനുസരിച്ച് മാറ്റം വരുത്തും.

ഇരുചക്ര വാഹനങ്ങളുടെ അപകടനിരക്ക് വർദ്ധിച്ചതിനാലാണ് വേ​ഗപരിധിയിൽ മാറ്റം വരുത്തിയതെന്ന് ആന്റണി രാജു പറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെ വേ​ഗപരിധി 70 ൽ നിന്നും 60 ആയി കുറച്ച് അപകടം കുറയ്ക്കാനാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ വിജ്ഞാപനത്തോട് ചേ‍ർന്നു നിന്നുള്ള തീരുമാനമാണിത്. ഇതെല്ലാം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെയും കാറുകളുടെയുമാണ് വേ​ഗപരിധി വർദ്ധിപ്പിച്ചിരിക്കുന്നത്. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും വേ​ഗപരിധി 50 കി മിയായി തുടരും.