ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ മുസ്ലീം യുവാവിന് ക്രൂര മർദനം

0
124

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ മുസ്ലീം യുവാവിന് ക്രൂര മർദനം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് പേർ ചേർന്നാണ് യുവാവിനെ മർദിച്ചത്. പ്രതികൾ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും തല മൊട്ടയടിക്കുകയും നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായും ആരോപണമുണ്ട്. മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ജൂൺ 13 നായിരുന്നു സംഭവം. ബുലന്ദ്ഷഹർ കക്കോട്ട് സ്വദേശി സാഹിലിനാണ് മർദനമേറ്റത്. വില്ലേജ് ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ മൂന്ന് യുവാക്കൾ വന്ന് ബലമായി തന്നെ ബൈക്കിൽ ഇരുത്തി, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്ന് സാഹിൽ പരാതിയിൽ പറയുന്നു. ഒരു മൊബൈൽ മോഷണത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചായിരുന്നു മർദനം. പ്രതികൾ തന്നെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും തല മൊട്ടയടിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് സാഹിൽ ആരോപിക്കുന്നു.

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് സാഹിൽ പൊലീസിനെ സമീപിച്ചത്. അവർ നടപടിയെടുക്കാൻ വിസമ്മതിക്കുകയും പകരം മോഷണക്കുറ്റം ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പൊലീസ് ഭീഷണിപ്പെടുത്തുക മാത്രമല്ല പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്‌തതായി സാഹിലും കുടുംബവും ആരോപിക്കുന്നു. തുടർന്ന് ജൂൺ 17 ന് ഇവർ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് (എഎസ്പി) സിറ്റിയെ സമീപിച്ചു. ആക്രമണത്തിന്റെ വൈറൽ വീഡിയോയും പരാതിയിൽ ഉൾപ്പെടുത്തി. പരാതിയെ തുടർന്ന് മൂന്ന് പ്രതികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.