ജസ്പ്രിത് ബുംറ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു

0
120

പരിക്ക് മൂലം ക്രിക്കറ്റിൽനിന്ന് വിട്ടുനിന്ന ഇന്ത്യയുടെ പേസ് ബോളർ ജസ്പ്രിത് ബുംറ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. അയർലൻഡിനെതിരായ ടി20യിൽ കളിച്ചുകൊണ്ടായിരിക്കും ബുംറയുടെ തിരിച്ചുവരവ്. ഓഗസ്റ്റിലാണ് അയർലൻഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പര. ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം സൂചിപ്പിച്ചത്.

“ജസ്പ്രീത് ബുംറ ഈ വർഷം ഓഗസ്റ്റിൽ നടക്കുന്ന അയർലൻഡ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വലിയ ഉത്തേജനമാകും. കൂടാതെ നീണ്ട പരിക്കിന് ശേഷം തിരിച്ചെത്തുന്ന ബുംറയ്ക്ക് പഴയ ഫോമിലേക്ക് എത്രയും വേഗം തിരിച്ചെത്താനാകും. എല്ലാം ശരിയായ രീതിയിൽ തുടർന്നാൽ, ഏറ്റവും മികച്ച ഫിറ്റ്നസിലുള്ള ബുംറ കളത്തിലിറങ്ങാൻ സാധ്യതയുണ്ട്,” ബിസിസിഐ ഉദ്യോഗസ്ഥൻ പറയുന്നു.

പുറംവേദനയെ തുടർന്ന് ഈ വർഷം മാർച്ചിൽ ബുംറയ്ക്ക് മുതുകിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വിശ്രമത്തിലായിരുന്ന ബുംറ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. കായകക്ഷമത വീണ്ടെടുക്കുന്നതിനുള്ള പരിശീലനത്തിനാണ് ബുംറ മുൻതൂക്കം നൽകുന്നത്.

ഏഷ്യാകപ്പ്, ലോകകപ്പ് പോലെയുള്ള പ്രധാനപ്പെട്ട രണ്ട് ടൂർണമെന്റുകൾക്ക് മുന്നോടിയായി അയർലൻഡ് പരമ്പര ബുംറയ്ക്ക് ആവശ്യമായ മത്സരപരിചയം സമ്മാനിക്കും. മൂന്ന് ടി20 ഐ പരമ്പരയ്ക്ക് ശേഷം, ഇന്ത്യ സെപ്റ്റംബറിൽ ഏഷ്യാ കപ്പിൽ പങ്കെടുക്കും. തുടർന്ന് ഒക്ടോബർ, നവംബർ മാസങ്ങളിൽ സ്വന്തം തട്ടകത്തിൽ നടക്കുന്ന 50 ഓവർ ലോകകപ്പിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്. ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യയുടെ ബോളിങ് ആക്രമണത്തിന് ചുക്കാൻ പിടിക്കാൻ ബുംറയ്ക്ക് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇപ്പോൾ ബുംറ എൻസിഎ തലവൻ വിവിഎസ് ലക്ഷ്മണന്റെയും സ്പോർട്സ് സയൻസ് ആൻഡ് മെഡിസിൻ വിഭാഗത്തിന്റെ തലവനായ നിതിൻ പട്ടേലിന്റെയും നിരീക്ഷണത്തിലാണ്.