സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്

0
112

മലയാളി താരം സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-20 പരമ്പരയിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏകദിനത്തിൽ തകർത്തുകളിച്ചിട്ടും ശ്രീലങ്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരായ പരിമിത ഓവർ പരമ്പരകളിൽ നിന്ന് താരത്തെ മാറ്റിനിർത്തിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പരിമിത ഓവർ മത്സരങ്ങളിൽ സഞ്ജുവിന് ന്യായമായ അവസരം കൊടുക്കാത്തതും വിമർശിക്കപ്പെട്ടിരുന്നു. ഋഷഭ് പന്ത് ഉടൻ തിരികെയെത്തില്ല എന്നതിനാൽ സഞ്ജു വിക്കറ്റ് കീപ്പറായി ടീമിലെത്തുമെന്നാണ് റിപ്പോർട്ട്.

മുംബൈ യുവതാരം യശസ്വി ജയ്സ്വാൾ ടെസ്റ്റ് ടീമിൽ അരങ്ങേറുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഏതാനും സീസണുകളായി ആഭ്യന്തര ക്രിക്കറ്റിൽ തകർത്ത് കളിക്കുന്ന താരമാണ് ജയ്സ്വാൾ. കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായും ഗംഭീര പ്രകടനമാണ് നടത്തിയത്. സമീപകാലത്തായി ടെസ്റ്റിൽ നിരാശപ്പെടുത്തുന്ന ചേതേശ്വർ പൂജാരയ്ക്ക് പകരം യശസ്വി എത്തുമെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് പരമ്പരയിൽ നിന്ന് പേസർ മുഹമ്മദ് ഷമിയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഇടം നേടും. വിക്കറ്റ് കീപ്പറായി കെഎസ് ഭരത് തുടരും.

അടുത്ത മാസം 12 മുതലാണ് വിൻഡീസ് പര്യടനം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 24ന് അവസാനിക്കും. ജൂലായ് 27, 29, ഓഗസ്റ്റ് 1 എന്നീ തീയതികളിൽ ഏകദിന മത്സരങ്ങളും ഓഗസ്റ്റ് 3, 6, 8, 12, 13 എന്നീ തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും. ഇതിൽ അവസാനത്തെ രണ്ട് ടി-20കൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ് നടക്കുക.