ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം പോളണ്ടിന്റെ ഇഗ സ്വിതെകിന്ന്

0
58

ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം പോളണ്ടിന്റെ ഇഗ സ്വിതെകിന്ന്. ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ഇഗ കളിമൺ കോർട്ടിലെ ചരിത്ര കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 6-2, 5-7, 6-4.

കലാശപ്പോരിലെ ആദ്യ സെറ്റില്‍ ആധികാരിക പ്രകടനമായിരുന്നു ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ഇഗയുടേത്. ആദ്യ സെറ്റ് 6-2 ന് ഇഗ അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ കരോളിന മുക്കോവോ തിരിച്ചടിച്ചു. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ 3-0 ന് ഇഗ മുന്നിട്ടുനിന്നെങ്കിലും കരോളിന ശക്തമായി തിരിച്ചുവന്നു. സ്‌കോര്‍ 3-3 ആക്കി. സ്‌കോര്‍ 5-5ല്‍ നില്‍ക്കേ സര്‍വ്വ് ബ്രേക്ക് ചെയ്ത് മുന്നേറിയ കരോളിന 7-5 ന് സെറ്റ് സ്വന്തമാക്കി.

മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടത്തിനാണ് റോളണ്ട് ഗാരോസ് വേദിയായത്. തുടക്കത്തില്‍ 2-0 ന് മുക്കോവോ മുന്നിട്ടുനിന്നെങ്കിലും ഇഗ വിട്ടുകൊടുത്തില്ല. സര്‍വ്വ് ബ്രേക്ക് ചെയ്ത് പോളണ്ട് താരം മത്സരത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് തന്റെ പരിചയസമ്പത്ത് മുതലെടുത്ത് ഇഗ റാക്കറ്റേന്തിയതോടെ കരോളിനയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. 6-4 ന് മൂന്നാം സെറ്റും മത്സരവും ഇഗ സ്വന്തമാക്കി.

നേരത്തേ 2020,2022 വര്‍ഷങ്ങളില്‍ ഇഗ ഫ്രഞ്ച് ഓപ്പണില്‍ ജേതാവായിരുന്നു. താരത്തിന്റെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. 2022 യുഎസ് ഓപ്പണിലും ഇഗ വിജയിച്ചിരുന്നു.