തൃശൂരിൽ അച്ഛനും അമ്മയും മകളും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; കബളിപ്പിക്കപ്പെട്ടുവെന്ന് കുറിപ്പ്

0
117

മൂന്നംഗ കുടുംബത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനെയും അമ്മയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് താമസമാക്കിയ പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ എന്നിവരാണ് മരിച്ചത്. ഇവർ ദീർഘകാലം ചെന്നൈയിലാണ് താമസിച്ചത്. തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടത്.

സന്തോഷ് പീറ്റർ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഭാര്യയെ സമീപത്തെ ബെഡിലും മകളെ ബാത്റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും അതിനാൽ ജീവനൊടുക്കുന്നുവെന്നുമാണ് കുറിപ്പിൽ പറയുന്നത്. തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ നാലാം തീയതിയാണ് കുടുംബം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഏഴാം തീയതി രാത്രി റൂം ഒഴിയുമെന്നാണ് ഇവർ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് പുലർച്ചെയായിട്ടും മുറി തുറക്കാതായതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)