പേവിഷ ബാധയ്ക്കുള്ള സൗജന്യ വാക്‌സിൻ പരിമിതപ്പെടുത്തുന്നു. ഇനി മുതൽ സർക്കാർ ആശുപത്രികളിൽ വാക്‌സിൻ എല്ലാവർക്കും സൗജന്യമല്ല. പേവിഷ ബാധയ്ക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരിൽ 70 ശതമാനം പേരും സമ്പന്നരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ആലോചന.
വിവിധ സർക്കാർ ആശുപത്രികളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കും വാക്‌സിൻ സൗജന്യമായി തന്നെ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വലിയ വില കൊടുത്ത് സർക്കാർ വാങ്ങുന്ന പേവിഷ ബാധയ്ക്കുള്ള വാക്‌സിൻ സ്വീകരിക്കുന്നവരിൽ എഴുപത് ശതമാനത്തോളം പേരും സമ്പന്നരാണ്.
ഇതോടെ വളർത്തുമൃഗങ്ങൾ കടിച്ച് ചികിത്സ തേടുന്നവരിൽ നിന്ന് വാക്‌സിന്റെയും അനുബന്ധ മരുന്നുകളുടെയും വില സർക്കാർ ആശുപത്രികൾ ഈടാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ച പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബിപിഎൽ കുടുംബങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകുന്നത് തുടരും.