വിനീഷ്യസ്‌ ജൂനിയറിനെതിരെ വംശീയാധിക്ഷേപം നടത്തിയ ഏഴ്‌ കുറ്റക്കാർക്കെതിരെ നടപടി

0
78

റയൽ മാഡ്രിഡ്‌ മുന്നേറ്റക്കാരൻ വിനീഷ്യസ്‌ ജൂനിയറിനെതിരെ വംശീയാധിക്ഷേപം നടത്തിയ ഏഴ്‌ കുറ്റക്കാർക്കെതിരെ നടപടി. രണ്ട്‌ കേസുകളിലാണ്‌ ശിക്ഷ. റയലിന്റെ സ്‌റ്റേഡിയത്തിനരികെ വിനീഷ്യസിന്റെ കോലം കെട്ടിത്തൂക്കിയ നാലുപേർക്ക്‌ 52 ലക്ഷം രൂപ പിഴയിട്ടു. 11 ദിവസംമുമ്പ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്ത ഇവരെ കടുത്ത നിബന്ധനകളോടെ ജാമ്യത്തിൽ വിട്ടു. സ്‌പെയ്‌നിലെ സ്‌റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിന്‌ രണ്ടുവർഷത്തെ വിലക്കുമുണ്ട്‌. മാഡ്രിഡ്‌ കോടതിയാണ്‌ കേസ്‌ പരിഗണിച്ചത്‌.

വലെൻസിയക്കെതിരായ മത്സരത്തിൽ അധിക്ഷേപം ചൊരിഞ്ഞ മൂന്നുപേർക്ക്‌ അഞ്ചുലക്ഷം രൂപവീതം പിഴയുണ്ട്‌. ഒരുവർഷത്തെ സ്‌റ്റേഡിയം വിലക്കും ഏർപ്പെടുത്തി. മെയ്‌ 21നായിരുന്നു വലെൻസിയ സ്‌റ്റേഡിയത്തിൽ ആയിരക്കണക്കിന്‌ ആരാധകർ ഗ്യാലറിയിൽനിന്ന്‌ വിനീഷ്യസിനെതിരെ വംശീയമുദ്രാവാക്യങ്ങൾ ചൊരിഞ്ഞത്‌.

സംഭവത്തിൽ ഇതുവരെയും മൂന്നുപേരെമാത്രമാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. സ്–പെയ്നിൽ വിനീഷ്യസിനെ വംശീയാധിക്ഷേപം നടത്തിയ പേരിൽ ഒമ്പത് കേസുകളാണ് നിലവിലുള്ളത്. മിക്കതിന്റെയും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനിടെ വംശീയതയ്‌ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ബ്രസീൽ ഗിനിയക്കെതിരെയും സെനഗലിനെതിരെയും സൗഹൃദമത്സരം കളിക്കും. 17, 20 തീയതികളിൽ പോർച്ചുഗൽ തലസ്ഥാനമായ ലിസ്‌ബണിലാണ്‌ കളി.