നവകേരള യുവതയുടെ പാരിസ്ഥിതിക അവബോധത്തിന് പുതിയ തലങ്ങള്‍ പകര്‍ന്ന് സംസ്ഥാന നിയമസഭയും യുനിസെഫും കുട്ടികളുടെയും യുവാക്കളുടെയും കാലാവസ്ഥാ അസംബ്ളി സംഘടിപ്പിച്ചു. ഇത് രണ്ടാം തവണയാണ് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ‘നാമ്പ്’ എന്ന പേരില്‍ സംസ്ഥാന നിയമസഭയില്‍ കാലാവസ്ഥാ അസംബ്ളി നടക്കുന്നത്.
സ്പീക്കര്‍ എ.എന്‍.ഷംസീര്‍ കാലാവസ്ഥാ അസംബ്ളി ഉദ്ഘാടനം ചെയ്തു. ലോകത്തുടനീളം കാണുന്നതുപോലെ കുട്ടികളെയും യുവാക്കളെ മുന്‍നിര്‍ത്തിയുള്ള പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ കേരളവും നടത്തുന്നതായി സ്പീക്കര്‍ പറഞ്ഞു. കേരളത്തിലെ യുവാക്കളെയും കുട്ടികളെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളെ ചെറുക്കാന്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കാലാവസ്ഥാ അസംബ്ളി നടത്തുന്നത്. പ്ളാസ്റ്റിക്ക് ഉപയോഗം സംബന്ധിച്ച് നാം ആത്മപരിശോധന നടത്തണം. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിമസഭാസമുച്ചയത്തിനു സമീപം വൃക്ഷത്തൈ നട്ടശേഷമാണ് സ്പീക്കര്‍ ഉദ്ഘാടന വേദിയിലേക്ക് എത്തിയത്.
കുട്ടികളും യുവാക്കളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകള്‍ മാത്രമല്ല മാറ്റത്തിന്‍റെ വക്താക്കള്‍ കൂടിയാണെന്ന് യുനിസെഫ് കേരള- തമിഴ്നാട് വിഭാഗം മേധാവി കെ.എല്‍.റാവു പറഞ്ഞു. പാരിസ്ഥിതിക രംഗത്ത് നേട്ടങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ പ്രാപ്തരാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും യുവാക്കളെയും കുട്ടികളെയും ശാക്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാ പരിസ്ഥിതി സമിതി അധ്യക്ഷന്‍ ഇ.കെ.വിജയന്‍ എംഎല്‍എ ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ചു. നിയമസഭാ സെക്രട്ടറി എ. എം. ബഷീര്‍, കൈല ഡയറക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കെ-ലാംപ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എം. എസ്. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇത്തവണത്തെ പരിസ്ഥി ദിനത്തിന്റെ ആശയമായ പ്ളാസ്റ്റിക്കിനെ വെല്ലുക എന്നതടക്കമുള്ള കാലാവസ്ഥാ വ്യതിയാനവമായ ബന്ധപ്പെട്ട വിഷയങ്ങള്‍ അസംബ്ളി ചര്‍ച്ച ചെയ്തു. വിവിധ സെഷനുകള്‍ക്ക് സുനീല്‍ പമിഡി, ഡോ.ശേഖര്‍.എല്‍.കുര്യാക്കോസ്, ഡോ.അനു ഗോപിനാഥ്, ഡോ.ജൂഡ് ഇമ്മാനുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വി.കെ.പ്രശാന്ത് എംഎല്‍എ അസംബ്ളി പ്രതിനിധികളുമായി സംവദിച്ചു. മുന്നൂറോളം കുട്ടികളും യുവാക്കളുമാണ് കാലാവസ്ഥാ അസംബ്ളിയില്‍ പങ്കെടുത്തത്. ഭൂമിത്രസേന, സന്നദ്ധസേന, സറ്റുഡന്‍റ് പൊലീസ് കേഡറ്റ്സ്, എന്‍എസ്എസ്, അപ്തമിത്ര, സിവില്‍ ഡിഫന്‍സ്, കൈല എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ അസംബ്ളിയുടെ ഭാഗമായിരുന്നു.
സമാപന സമ്മേളനത്തില്‍ കെ-ലാംപ്സ് ഡയറക്ടര്‍ ജി. പി. ഉണ്ണിക്കൃഷ്ണന്‍, യുനിസെഫ് ഡിആര്‍ആര്‍ ഓഫിസർ ഫോര്‍ സൗത്ത് മഹേന്ദ്ര രാജാറാം ലൂക്കോസ് പി ലൂക്ക്, മിഹ ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു.