ബ്രിജ് ഭൂഷന്‍റെ അറസ്റ്റില്‍ കുറഞ്ഞൊന്നും പാടില്ല, കടുത്ത സമരം തുടങ്ങും

0
48

ലൈംഗിക പീഡന കേസിൽ ഗുസ്‌തി ഫെഡറേഷൻ പ്രസിഡൻറും ബിജെപി എംപിയുമായി ബ്രിജ് ഭൂഷൻ സിംഗിനെതിരെ നടപടിയെടുക്കാൻ സർക്കാരിന് ഒമ്പതാം തിയ്യതി വരെ സമയം നൽകുമെന്ന് കർഷക സംഘടനാ നേതാക്കൾ. ‘അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ല. ഒൻപതാം തീയതിക്കുള്ളിൽ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ജന്തർ മന്തറിൽ വീണ്ടും സമരം ആരംഭിക്കും. കർഷക സമരത്തിന് സമാനമായ രീതിയിലായിരിക്കും ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള സമരമെന്നും’ കർഷക സംഘടനാ നേതാക്കൾ ഖാപ് പഞ്ചായത്തിനൊടുവിൽ വ്യക്തമാക്കി. ഈ മാസം ഒമ്പതാം തീയതിക്കുള്ളിൽ താരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും കർഷകരുടെ ആവശ്യത്തിലുണ്ട്.

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങൾ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ ഉണ്ടാവാതെ വന്നതോടെ താരങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കോടതി നിർദേശത്താലാണ് പരാതിയിൻമേൽ കേസ് എടുക്കാൻ ദില്ലി പൊലീസ് തയ്യാറായത്.

എന്നാൽ ബ്രിജ് ഭൂഷൻറെ അറസ്റ്റ് വൈകിയതോടെ താരങ്ങൾ പ്രതിഷേധവുമായി ജന്തർ മന്തറിൽ ഇറങ്ങി. വിനേഷ് ഫോഗട്ട്, സാക്‌ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുൻനിര താരങ്ങൾ ഉൾപ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്തർ മന്തറിലുള്ളത്. മെയ് 28ന് ദില്ലിയിലെ പുതിയ പാർലമെൻറ് മന്ദിരത്തിലേക്കുള്ള മാർച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ചിരുന്നു. താരങ്ങളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇതിന് ശേഷം മെഡലുകൾ ഗംഗയിലൊഴുക്കാൻ സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്‌തി താരങ്ങൾ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ പിന്തരിപ്പിക്കുകയായിരുന്നു. ബ്രിജ് ഭൂഷൻ സിംഗിനെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് കർഷക സംഘടനാ നേതാക്കൾ ഇതിനൊടുവിലാണ് ഖാപ് പ‌ഞ്ചായത്ത് ചേർന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.