കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീപിടിത്തം; ഒരു ബോഗി കത്തി നശിച്ചു

0
75

കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

രാത്രി എത്തിയ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂർണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇക്കാര്യത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എട്ടാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരിക്കവേയാണ് ട്രയിനിന് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടോ സ്വാഭാവിക തകരാറ് മൂലമോ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് റെയിൽവേ അധികൃതർ പറയുന്നു.