ലോക കേരള സഭയ്ക്ക് ആതിഥേയത്വം വഹിക്കാൻ ന്യൂയോർക്ക് നഗരം ഒരുങ്ങുന്നു

0
179

ജൂൺ 9 മുതൽ 11 വരെ നടക്കുന്ന ലോക കേരള സഭയ്ക്ക് വേദിയാകാനൊരുങ്ങുകയാണ് ന്യൂയോർക്ക് നഗരം. കേരള സർക്കാരിന്റെ ത്രിദിന ലോക കേരള സഭയ്ക്ക് ആതിഥേയത്വം വഹിക്കാൻ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ മാരിയറ്റ് തയ്യാറെടുത്തുകഴിഞ്ഞു. ലോക കേരള സഭയുടെ ന്യൂയോർക്കിലെ പരിപാടിക്കായി മലയാളി ബിസിനസുകാരൻ രണ്ട് ലക്ഷത്തി അൻപതിനായിരം രൂപയാണ് സംഭാവനയായി നൽകിയത്. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ പ്രസിഡന്റാണ് ഡോ.ബാബു സ്റ്റീഫൻ.

ലോക കേരള സഭയ്ക്കായുള്ള ധനസമാഹരണത്തിൽ 2,50000 ഡോളറിന്റെ ചെക്ക് സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർക്ക് ഡോ.ബാബു സ്റ്റീഫൻ കൈമാറി. ‘അമേരിക്കയിൽ നടക്കുന്ന ആദ്യ ലോക കേരള സഭാ ഉച്ചകോടിയാണിത്. ഒരു മലയാളി അമേരിക്കക്കാരൻ എന്ന നിലയിൽ ഈ സംരംഭത്തെ പിന്തുണയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്’. ബാബു സ്റ്റീഫൻ പറയുന്നു. ‘യുഎസിലെ മലയാളികൾക്ക് പരസ്പരം ബന്ധം കാത്തുസൂക്ഷിക്കാനും സഹകരിക്കാനും ലോക കേരള സഭ അവസരമൊരുക്കും. ഉച്ചകോടി കേരളവും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള പ്രവാസികളും കേരളവും തമ്മിലുള്ള സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സമത്വം ഉറപ്പുവരുത്തിക്കൊണ്ട് കേരളീയർക്ക് ഒത്തുചേരാനുള്ള വേദിയൊരുക്കുക എന്നതാണ് ലോക കേരള സഭയുടെ പ്രാഥമിക ലക്ഷ്യം.

യുഎസിൽ ലോക കേരള സഭയുടെ റീജ്യണൽ സമ്മേളനമാണ് നടക്കുന്നത്. ലോകബാങ്കുമായുള്ള ചർച്ചയും അമേരിക്കയിൽ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കൻ സന്ദർശനത്തിന് പിന്നാലെ മുഖ്യമന്ത്രി ക്യൂബയും സന്ദർശിക്കും. ഇരു രാജ്യങ്ങളിലേക്കും മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരുൾപ്പെട്ട സംഘവുമുണ്ട്. പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, മന്ത്രി കെഎൻ ബാലഗോപാൽ, നോർക റസിഡന്റ് വൈസ് ചെയർ പി ശ്രീരാമകൃഷ്ണൻ എന്നിവരും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവുമാണ് കേരളത്തിൽ നിന്ന് മേഖലാ സമ്മേളനത്തിനെത്തുന്നത്.

ലോക കേരള സഭാമേഖലാ സമ്മേളനത്തിന് ശേഷം അമേരിക്കൻ മലയാളി പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രി ന്യൂയോർക്ക് ടൈം സ്‌ക്വയറിലെ സദസ്സിനെ അഭിസംബോധന ചെയ്യും.