കുപ്രചരണങ്ങളെ അതിജീവിച്ച് തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം

0
224

സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച നേട്ടം കൈവരിച്ചു. കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും കുപ്രചരണങ്ങളെ അതിജീവിച്ചാണ് എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 19 വാര്‍ഡുകളില്‍ 9 ഇടത്ത് ഇടതുമുന്നണി വിജയം നേടി. ഇതില്‍ യുഡിഎഫില്‍ നിന്ന് ഒരു സീറ്റും ബിജെപിയില്‍ നിന്ന് രണ്ട് സീറ്റുകളും ജനപക്ഷത്തിന്‍റെ ഒരു സീറ്റും പിടിച്ചെടുത്താണ് നേരത്തെയുണ്ടായിരുന്ന 9 സീറ്റുകള്‍ എല്‍ഡിഎഫ് നില നിര്‍ത്തിയത്. യുഡിഎഫിന് ഒന്‍പതും ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ 203 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മികച്ച വിജയം നേടി സിപിഐ എംലെ അജിത്ത് രവീന്ദ്രന്‍ വിജയിച്ചു. കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെ നുണ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസിനും ബിജെപിക്കും കനത്ത തിരിച്ചടി നല്‍കുന്നതാണ് എല്‍ഡിഎഫ് വിജയം.

കൊല്ലം അഞ്ചല്‍ ഗ്രാമ പഞ്ചായത്തിലെ തഴമേല്‍ വാര്‍ഡ് ബിജെപില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐലെ ജി സോമരാജന്‍ 264 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ ഓഫീസ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 310 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്വതന്ത്രന്‍ എ അജി വിജയിച്ചു. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തായി. കോട്ടയം മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍തഥി സുജബാബു 120 വോട്ടുകള്‍ക്ക് വിജയിച്ചു.

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ പെരുനില വാര്‍ഡ് ജനപക്ഷം പാര്‍ടിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ ബിന്ദു അശോകന്‍ 12 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എറണാകുളം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശേരിക്കവല വാര്‍ഡ് ബിജെപിയില്‍ ഇടതുമുന്നണി പിടിച്ചെടുത്തു. ബിജെപിയുടെ ഉണ്ണികൃഷ്ണനെ 99 വോട്ടുകള്‍ക്ക് സിപിഐ എമ്മിലെ അരുണ്‍ സി ഗോവിന്ദന്‍ പരാജയപ്പെടുത്തി.

പാലക്കാട് ലെക്കിടി പേരൂര്‍ പഞ്ചായത്തിലെ അകല്ലൂര്‍ ഈസ്റ്റ് വാര്‍ഡ് എല്‍ഡിഎഫ് നില നിര്‍ത്തി. കോഴിക്കോട് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 154 വോട്ടുകള്‍ക്കാണ് സിപിഐ എം സ്ഥാനാര്‍ത്ഥി അജിയതാ മനോജ് വിജയിച്ചത്. വേളം പഞ്ചായത്തിലെ കുറിച്ചകം വാര്‍ഡ് എല്‍ഡിഎഫ് നില നിര്‍ത്തി.

തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടടയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ LDF വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. CPM ലെ അജിത് രവീന്ദ്രനാണ്വി ജയിച്ചത്.