ലൈംഗീകാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നടൻ ടൊവിനോ തോമസ്. ഇന്ത്യയുടെ യശസ്സ് ഉയർത്തിയവരെന്ന പരിഗണന കൊടുക്കേണ്ട പക്ഷേ രാജ്യത്തെ എല്ലാ പൗരനും അർഹിക്കുന്ന നീതിയെങ്കിലും ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ എന്ന് ടൊവിനോ തോമസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വൈകിയ ലഭിക്കുന്ന നീതി നീതി നിഷേധമാണെന്നും ടൊവിനോ കൂട്ടിച്ചേർത്തു. ടൊവിനോ തോമസിനെക്കൂടാതെ നേരത്തെ നടി പാർവതി തിരുവോത്ത്, അപർണ്ണ ബാലമുരളി, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ എന്നിവരും ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
ടൊവിനോ തോമസിന്റെ പോസ്റ്റ്
അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണു , ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ ! ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ , എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ.
‘നീതിക്ക് വേണ്ടി ആവശ്യപ്പെടുമ്പോൾ മോദിയുടെ ഇന്ത്യയിൽ നിന്നും ഇതാണ് നിങ്ങൾക്ക് ലഭിക്കുക’ എന്നാണ് ഗുസ്തി താരങ്ങളെ നടുറോഡിലൂടെ വലിച്ചിഴച്ച പോലീസ് ക്രൂരതയെയും മോദി ഭരണത്തെയും അപലപിച്ച് നടി പാർവതി തിരുവോത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നേരത്തെ നടൻ കമൽഹാസൻ, സ്വരഭാസ്‌കർ തുടങ്ങിയവർ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.