നൈജീരിയയിൽ തടവിലുണ്ടായിരുന്ന നാവികരെയും എണ്ണ കപ്പലിനെയും മോചിപ്പിച്ചു. എം.ടി.ഹീറോയിക് എന്ന എണ്ണ കപ്പലിൽ മൂന്നു മലയാളികൾ അടക്കം 16 ഇന്ത്യക്കാരാണുള്ളത്. 26 ജീവനക്കാരായിരുന്നു ആകെ. ജീവനക്കാർക്ക് പാസ്‍പോർട്ട് തിരികെ ലഭിച്ചത് ശനിയാഴ്ച വൈകിട്ടോടെയാണ്. ഇതിനു മുന്നേ തന്നെ കപ്പലിന് മോചനം സാധ്യമായിരുന്നു. പാസ്‍പോർട്ട് ലഭിച്ചതോടെ നൈജീരിയൻ സമയം അനുസരിച്ച്
ബോണി തുറമുഖത്തുനിന്നും പുലർച്ചെ പുറപ്പെട്ടു. ദക്ഷിണാഫ്രിക്കയിലേക്കാണ് നിലവിൽ നിലവിൽ ഇവർ യാത്ര ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിൽ എത്താൻ ഏകദേശം പത്തു ദിവസത്തോളം എടുക്കും. നാട്ടിലേക്കു മടങ്ങുക അതിന് ശേഷമായിരിക്കും. ചീഫ് ഓഫിസർ വയനാട് സ്വദേശി സനു ജോസ്, നാവിഗേറ്റിങ് ഓഫിസർ കൊല്ലം നിലമേൽ സ്വദേശി വി.വിജിത്, കൊച്ചി സ്വദേശി മിൽട്ടൺ ഡിക്കോത്ത് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ.
ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് പത്തുമാസം മുൻപാണ് കപ്പൽ നൈജീരിയൻ സേന തടവിലാക്കിയത്. പലഭാഗത്തുനിന്നും ഇവരെ മോചിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഫലമായി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നൈജീരിയൻ കോടതി, ജീവനക്കാർ കുറ്റക്കാരല്ലെന്നും കപ്പൽ മോചിപ്പിക്കാമെന്നും ഉത്തരവിട്ടത്.