ഗുസ്തി താരങ്ങൾക്കെതിരായ നടപടി; വനിതാ താരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര

0
58

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരണവുമായി ടോക്കിയോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. പ്രശ്ന പരിഹാരത്തിനുള്ള വഴി ഇതല്ലെന്ന് താരം ട്വിറ്ററിൽ കുറിച്ചു. സാക്ഷി മാലിക്ക് വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. റോഡിലൂടെ വലിച്ചിഴച്ചാണ് സാക്ഷി മാലിക്കിനെ കൊണ്ടുപോയത്.

ലൈംഗിക പീഡന ആരോപണത്തിൽ കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ഗുസ്തി താരങ്ങൾ സമരത്തിലാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർലമെന്റിന്റെ പുതിയ മന്ദിരത്തിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘർഷം.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തേക്കുള്ള മാർച്ച്. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബലംപ്രയോഗിച്ചു. സാക്ഷി മാലിക്കിനെ കസ്റ്റഡിയിലെടുത്തു. റോഡിലൂടെ വലിച്ചിഴച്ചാണ് സാക്ഷി മാലിക്കിനെ കൊണ്ടുപോയത്. പൊലീസ് മർദിച്ചതായി സാക്ഷി മാലിക്ക് ആരോപിച്ചു. വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ളവരെയും കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് വനിതാ താരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര രംഗത്തെത്തിയത്.

‘പ്രശ്ന പരിഹാരത്തിനുള്ള വഴി ഇതല്ല, മറ്റ് മാർഗങ്ങൾ കണ്ടെത്തണം’- നീരജ് ചോപ്ര കുറിച്ചു. നേരത്തെ പട്ടാഭിഷേകം പൂര്‍ത്തിയായപ്പോള്‍ അഹങ്കാരിയായ രാജാവ് പൊതുജനത്തിന്റെ ശബ്ദം തെരുവില്‍ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ്‌ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടിയ വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്നത്രയും ബി.ജെ.പി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നുവെന്ന് പ്രിയങ്കാഗാന്ധി കുറ്റപ്പെടുത്തി.