നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നതിനും പരിപാലിക്കുന്നതിനും മാർഗനിർദേശങ്ങളുമായി ജില്ലാ മെഡിക്കൽ ഓഫീസർ. നീന്തൽക്കുളങ്ങളുടെ നടത്തിപ്പുകാരും ഉപയോഗിക്കുന്നവരും രോഗപ്രതിരോധനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തൽ പരിശീലനം നടത്തരുതെന്നും ഡി.എം.ഒ നിർദേശിച്ചു.
നീന്തൽ കുളങ്ങളുടെ നടത്തിപ്പുകാർ വെള്ളത്തിൽ ക്ലോറിന്റെ അളവ് 1 പി.പി.എം നും 2 പി.പി.എം നും ഇടയിൽ നിലനിർത്തണം. ക്ലോറിൻ അവക്ഷിപ്തം എല്ലാദിവസവും പരിശോധിക്കണമെന്നും ബാക്ടീരിയോളജിക്കൽ പരിശോധന എല്ലാ മാസവും നടത്തണമെന്നും നിർദേശമുണ്ട്. വെള്ളത്തിന്റെ പി.എച്ച് മൂല്യം 7.2 നും 7.8 നും ഇടയിൽ നിലനിർത്തണം. ആൽക്കലൈനിറ്റി 80-120 പി.പി.എം-ഉം കാൽസ്യം ഹാർഡ്‌നസ് 200-400 പി.പി.എം-ഉം ആയിരിക്കണം. ജല ഗുണനിലവാര പരിശോധന അംഗീകൃത ലാബുകളിൽ മാത്രം നടത്തണമെന്നും ഫിൽറ്ററിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
നീന്തൽക്കുളം ഉപയോഗിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ
പകർച്ചവ്യാധിയുള്ളവർ നീന്തൽകുളം ഉപയോഗിക്കരുത്. പൂളിലെ വെള്ളം ഒരു കാരണവശാലും കുടിക്കരുത്. ചെറിയ കുട്ടികളെ മലമൂത്ര വിസർജജ നത്തിനുശേഷം വൃത്തിയാക്കി മാത്രം നീന്തൽ കുളത്തിൽ ഇറക്കണം. നീന്തൽ പരിശീലിക്കുന്നവർക്ക് പനിയോ, കണ്ണ്, മൂക്ക്, തൊണ്ട, ത്വക്ക് എന്നിവിടങ്ങളിൽ ണുബാധയോ ഉണ്ടായാൽ ഉടനടി ചികിത്സ തേടണം. അസുഖബാധയുണ്ടാകുന്നവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെയും നീന്തൽകുളം നടത്തിപ്പുകാരെയും അറിയിക്കണം.
ഔട്ട് ബ്രേക്ക് ഉണ്ടായാൽ നീന്തൽ കുളം അടച്ചിട്ട്, ഒരു ലിറ്ററിന് 20 മില്ലിഗ്രാം എന്നതോതിൽ ക്ലോറിനേഷൻ നടത്തണം. ആറ് തവണ തുടർച്ചയായി ഫിൽറ്ററേഷൻ നടത്തുകയും ഫിൽറ്ററിൽ അവശേഷിക്കുന്ന വെള്ളം ഒഴിവാക്കുകയും വേണം. ജലത്തിന്റെ കെമിക്കൽ – ഫിസിക്കൽ- മൈക്രോബയോളജി പരിശോധന നടത്തി മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം പ്രവർത്തനം തുടരണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.