മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയ രണ്ട് പേരെയും രക്ഷപ്പെടുത്തി

0
97

കരുവാരക്കുണ്ട് കേരളാംകുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അജ്മൽ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ തിരിച്ചിറക്കിയത്. ചേരി കൂമ്പൻമലയിൽ മൂന്നുപേർ അടങ്ങിയ സംഘമാണ് മലമുകളിലേക്ക് കയറിയത്. ഇവരിൽ 2 പേരാണ് തിരിച്ചിറങ്ങാൻ കഴിയാതെ മലമുകളിൽ കുടുങ്ങിയത്.

താഴെ എത്തിയ മൂന്നാമൻ ഷംനാസ് നൽകിയ വിവരമനുസരിച്ചാണ് പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയതും ഇരുവരെയും കണ്ടെത്തിയതും. പ്രദേശവാസികളായ ഇരുവർക്ക് സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരമുണ്ടായിരുന്നു. എന്നാൽ തിരിച്ചിറങ്ങിയപ്പോൾ ഇരുട്ടിയതിനാലാണ് മുകളിൽ കുടുങ്ങിപ്പോയതെന്നാണ് വിവരം.

ഇതിനിടയിൽ കൂട്ടത്തിലൊരാൾ വഴുതുവീണ് പരിക്കേൽക്കുകയും നടക്കാൻ കഴിയാത്ത അവസ്ഥയിലാവുകയുമായിരുന്നു. ഇയാളുടെ കാലിന് പൊട്ടലുണ്ടായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തിരിച്ചിറങ്ങിയ ഷംനാസ് വഴിയറിയാതെ മലയുടെ വിവിധ ഭാഗങ്ങളിലൂടെ ചുറ്റിനടന്നാണ് താഴെയെത്തിയതെന്നാണ് വിവരം.