എ ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ ജൂൺ 5 മുതൽ : മന്ത്രി ആന്റണി രാജു

0
80

സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എ. ഐ ക്യാമറകളുടെ പ്രവർത്തനം ജൂൺ 5 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു . പദ്ധതി നടപ്പിലാക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനും ആവശ്യമായ മാർ​ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സർക്കാർ നിയോ​ഗിച്ച ടെക്നിക്കൽ കമ്മിറ്റി ഇന്ന് യോ​ഗം ചേർന്നു.

യോ​ഗത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ, ഐടി ഡിപ്പാർട്ട്മെന്റ് പ്രതിനിധി, ലോ ഡിപ്പാർട്ട്മെന്റ് പ്രതിനിധി, മറ്റു സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കേന്ദ്ര വാഹന നിയമം അനുസരിച്ച് എ. ഐ ക്യാമറകൾ ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ റോഡ് സുരക്ഷയ്ക്കായി സ്ഥാപിക്കുമ്പോൾ സെക്ഷൻ 167 A പ്രകാരം അവ കൃത്യമായും, സു​ഗമമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനായി സർക്കാർ രൂപീകരിച്ച അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സേഫ് കേരള മോണിറ്ററിം​ഗ് കമ്മിറ്റിയെ യോ​ഗം ചുമതലപ്പെടുത്തി.

ആവശ്യമായ സാങ്കേതിക വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഈ മാസം 30 തിന് അകം അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ യോ​ഗം ആവശ്യപ്പെട്ടു. ഈ സമിതിയുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ജൂൺ 5 മുതൽ പദ്ധതി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

സർക്കാർ തീരുമാന പ്രകാരം ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ കമ്മിറ്റിയാണ് ഇവ സുഗമമായി പ്രവർത്തിക്കുന്നുവെന്ന് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇതോടൊപ്പം ക്യാമറ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൃത്യമായി അറിവ് നൽകുന്നതിന് വേണ്ടി മുന്നറിയിപ്പു നൽകുകയും പ്രചരണങ്ങൾ നടത്തുകയും ചെയ്യും. എ. ഐ ക്യാമറയുടെ ഉപയോഗം കൊണ്ട് അപകടം കുറയ്ക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ വഴി മതിയായ പ്രചരണം നൽകുകയും ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു .