Saturday
20 December 2025
17.8 C
Kerala
HomeKeralaത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് നാളെ(24.05.2023) തുടക്കം

ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് നാളെ(24.05.2023) തുടക്കം

കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടന യുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ തൊഴിൽവകുപ്പ് പ്ലാനിങ് ബോർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് നാളെ (24.05.2023) തുടക്കമാവും. വൈകിട്ട് 3.30 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ തെലങ്കാന തൊഴിൽ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം, പുതുച്ചേരി തൊഴിൽ മന്ത്രി എസ് ചന്ദ്ര പ്രിയങ്ക എന്നിവർ പ്രത്യേക പ്രഭാഷണം നടത്തും.

പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി കെ രാമചന്ദ്രൻ കോൺക്ലേവ് അവലോകനം അവതരിപ്പിക്കും . അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഇന്ത്യാ ഹെഡ് സതോഷി സസാക്കി, പ്ലാനിംഗ് ആന്റ് ഇക്കണോമിക്‌സ് അഫയേഴ്‌സ് അഡീ ചീഫ് സെക്രട്ടറി പുനീത് കുമാർ എന്നിവർ ആശംസകളർപ്പിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത്കുമാർ സ്വാഗതവും ലേബർ കമ്മീഷണർ ഡോ കെ വാസുകി നന്ദിയും പറയും.

മൂന്ന് ദിവസം നടക്കുന്ന കോൺക്ലേവിൽ രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, ഭരണ- വിജ്ഞാന രംഗത്തെ പ്രമുഖർ,നിയമജ്ഞർ, ഐ എൽ ഒ പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിലെയും സംസ്ഥാനത്തിനകത്തെയും ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ ദേശീയ അന്തർദേശീയ സർവകാലാശാലകളിലെ വിദഗ്ധർ തുടങ്ങി തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട 150 പ്രധാന വ്യക്തിത്വങ്ങൾ ഡെലിഗേറ്റ്സുകളായി പങ്കെടുക്കും.

തൊഴിലാളികളുടെ അവകാശങ്ങളും നിയമനിർമ്മാണവും സാമൂഹ്യ സുരക്ഷയും, അനൗപചാരിക തൊഴിൽ രീതികളിൽ നിന്ന് ഔപചാരിക തൊഴിൽ രീതികളിലേക്കുള്ള മാറ്റവും അതിന്റെ പ്രശ്നങ്ങളും വിശകലനവും, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും, ഗാർഹിക തൊഴിലാളികൾ, സ്‌കീം വർക്കേഴ്സ്, കെയർ വർക്കേഴ്സ് എന്നീ തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം, ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും, ഗിഗ്, പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം , ലേബർ സ്ഥിതിവിവരങ്ങൾ എന്നീ വിഷയങ്ങളാണ് എഴു സെഷനുകളിലായി കോൺക്ലേവ് ചർച്ച ചെയ്യുക. കോൺക്ലേവ് 26ന് സമാപിക്കും

RELATED ARTICLES

Most Popular

Recent Comments