മരുന്ന് സംഭരണ കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തും: മന്ത്രി വീണാ ജോർജ്

0
81

കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കോർപറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ്, ഫയർഫോഴ്‌സ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുന്നത്. ആശുപത്രികളിൽ ഫയർ സേഫ്റ്റി ഓഡിറ്റ് നടത്തും. കിൻഫ്രയിലെ തീപിടിത്തത്തെപ്പറ്റി സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും. കൊല്ലത്തെ തീപിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലത്തെ തീപിടിത്തത്തിന് ശേഷം എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകണമെന്നും പരിശോധന നടത്തണമെന്നും കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് പരിശോധന നടന്നു വരുന്നതിനിടയിലാണ് തിരുവനന്തപുരത്തെ തീപിടിത്തം. കൊല്ലത്തേയും തിരുവനന്തപുരത്തേയും കെട്ടിടങ്ങൾ 10 വർഷത്തിലധികമായി കെ.എം.എസ്.സി.എൽ. ഗോഡൗണുകളായി പ്രവർത്തിച്ചു വരുന്നവയാണ്.

തീ അണയ്ക്കുന്നതിനിടെ അഗ്‌നിരക്ഷാ സേനാംഗം മരിക്കാനിടയായ സംഭവം അങ്ങേയറ്റം വേദനാജനകമാണ്. ജോലിക്കിടെയാണ് ജീവൻ നഷ്ടപ്പെട്ടത് എന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.