SSLC പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുള്ള അവസരം ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

0
92

എസ്എസ്എൽസി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുള്ള അവസരം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജൂലൈ അഞ്ചോടെ പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്നതിനുള്ള പരിശ്രമത്തിലാണ് വകുപ്പെന്നും മന്ത്രി. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളിൽ ‘ഹരിതവിദ്യാലയം ശുചിത്വ വിദ്യാലയം’ ക്യാമ്പയിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളിൽ ശുചിത്വ ശീലവും ശുചിത്വ ബോധവും ഉളവാക്കാനും അത് ജീവിത മൂല്യങ്ങളാക്കി മാറ്റാനും ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിൻ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിന് ഹരിതവും വൃത്തിയുള്ളതുമായ ക്യാമ്പസ് അനിവാര്യമാണെന്നും പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ സ്വീകരിക്കുന്നതിലൂടെ, സ്‌കൂളുകൾക്ക് ആരോഗ്യകരമായ പഠന അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും, പരിസ്ഥിതി പരിപാലനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

മാലിന്യമില്ലാത്ത മലയാളനാട് എന്ന ലക്ഷ്യം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വിദ്യാലയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ടെത്തി, സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകും. മെയ് 28 ന് മുൻപായി നടപടി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിന്റെ ഭാഗമായി മെയ് 27നകം സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, വിവിധ യുവജനസംഘടനകൾ എന്നിവരുടെ സഹായത്തോടെയാകും ക്യാമ്പയിൻ നടപ്പാക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളുകളിൽ സംഘടിപ്പിക്കുന്നത്. കൂടാതെ ജൂൺ അഞ്ചിന് എല്ലാ വിദ്യാലയങ്ങളും ‘വലിച്ചെറിയൽ വിമുക്ത ക്യാമ്പസായി ‘ പ്രഖ്യാപിക്കും. ക്യാമ്പസിൽ ആവശ്യമില്ലാത്ത വസ്തുക്കൾ വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും അതിന് കുട്ടികളെ സജ്ജമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.