ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കി വീണ്ടും കേരളം

0
84

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 28,75,455 ക്ലൈമുകളിലൂടെയാണ് ഇത്രയും പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായത്. സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി വഴി നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത്രയും പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയത്. ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കിയതിന് 2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളം കരസ്ഥമാക്കിയിരുന്നു. ഇന്ത്യയില്‍ ആകെ നല്‍കിയ ചികിത്സയുടെ ഏതാണ്ട് 15 ശതമാനത്തോളം കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ മണിക്കൂറില്‍ 180 ഓളം രോഗികള്‍ക്ക് സൗജന്യ ചികിത്സ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖാന്തരം നല്‍കി വരുന്നു. മിനിറ്റില്‍ 3 രോഗികള്‍ എന്ന ക്രമത്തില്‍ പദ്ധതിയില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ അര്‍ഹരായ കുടുംബത്തിന് ഒരുവര്‍ഷം പരമാവധി 5 ലക്ഷം രൂപയുടെ ചികിത്‌സാ ആനുകൂല്യം ഈ പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ വഴി ലഭിക്കുന്നതാണ്. 2019-20ല്‍ പദ്ധതിയില്‍ എം പാനല്‍ ചെയ്ത ആശുപത്രികളുടെ എണ്ണം 404 ആയിരുന്നെങ്കില്‍ ഇപ്പോളത് 761 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായി 2021-22-ല്‍ 5,76,955 ഗുണഭോക്താക്കള്‍ക്കും, ഈ സാമ്പത്തിക വര്‍ഷം 6,45,286 ഗുണഭോക്താക്കള്‍ക്കും സൗജന്യ ചികിത്സാ സഹായം നല്‍കാനായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം തുക ഈ ഇനത്തില്‍ നല്‍കാനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) 1400 കോടിയുടേയും ഈ സാമ്പത്തിക വര്‍ഷം (2022-23) 1630 കോടി രൂപയുടെയും സൗജന്യ ചികിത്സ ലഭ്യമാക്കി. ഈ ഇനത്തില്‍ കേന്ദ്ര വിഹിതമായി പ്രതിവര്‍ഷം 138 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ബാക്കി വരുന്ന പണം സംസ്ഥാന സര്‍ക്കാരാണ് നിര്‍വഹികുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ആകെ 42 ലക്ഷം കുടുംബങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ 21.5 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ് 60:40 അനുപാതത്തില്‍ കേന്ദ്ര സഹായം ലഭ്യമാകുന്നത്. അതില്‍ തന്നെ ഒരു കുടുംബത്തിന് 1052 രൂപ പ്രീമിയം എന്ന രീതിയില്‍ കണക്കാക്കി അതിന്റെ 60% ആയ 631.2 രൂപ നിരക്കില്‍ ആകെ 138 കോടി രൂപ മാത്രമാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര വിഹിതമായി പദ്ധതിക്ക് ലഭിക്കുന്നത്. ചികിത്സാ ചെലവിന്റെ 90% ത്തോളം സംസ്ഥാന സര്‍ക്കാരാണ് നിര്‍ഹിക്കുന്നത്

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍പ്പെടാത്ത കുടുംബങ്ങള്‍ക്ക് വാര്‍ഷിക വരുമാനം 3 ലക്ഷത്തിന് താഴെ ആണെങ്കില്‍ എപിഎല്‍, ബിപിഎല്‍ ഭേദമന്യേ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പൈടുത്തിയും സൗജന്യ ചികിത്സ നല്‍കി വരുന്നു.