ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും

0
31

ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. 13 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റ് വീതമുള്ള ഇരു ടീമുകൾക്കും ഇന്ന് വിജയിച്ചെങ്കിൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാവൂ. രാജസ്ഥാന് ഒരു വിജയം മതിയെങ്കിൽ പഞ്ചാബിന് കൂറ്റൻ ജയം വേണം. പഞ്ചാബ് ഹോം ഗ്രൗണ്ടായ ധരംശാലയിൽ രാത്രി 7.30നാണ് മത്സരം.

പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ ആറാനതും പഞ്ചാബ് എട്ടാമതുമാണ്. ഇന്ന് ആര് ജയിച്ചാലും അവർക്ക് 14 പോയിൻ്റാവും. പോസിറ്റീവ് നെറ്റ് റൺ റേറ്റ് ആയതിനാൽ രാജസ്ഥാന് വിജയം കൂടുതൽ നേട്ടമുണ്ടാക്കും. വരുന്ന മത്സരങ്ങളിൽ ആർസിബിയും മുംബൈയും പരാജയപ്പെട്ടാൽ രാജസ്ഥാൻ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കും. ഇതേ കണക്ക് തന്നെയാണ് പഞ്ചാബിനും. എന്നാൽ, നെഗറ്റീവ് നെറ്റ് റൺ റേറ്റ് ആയതിനാൽ അവർക്ക് വമ്പൻ വിജയം വേണം.

ടീം എന്ന നിലയിൽ പരിഗണിക്കുമ്പോൾ പഞ്ചാബിൽ ശ്രദ്ധേയമായ പേരുകളുണ്ട്. ഈ സീസണിൽ നല്ല പ്രകടനം നടത്തുന്ന താരങ്ങളുമുണ്ട്. എന്നാൽ, ബൗളിംഗിലെ പാളിച്ചകളാണ് ഒരു പരിധി വരെ പഞ്ചാബിനു തിരിച്ചടിയായത്. മുംബൈക്കെതിരായ ആദ്യ മത്സരത്തിനു ശേഷം അർഷ്ദീപ് വളരെ മോശം ഫോമിലാണ്. കഗീസോ റബാഡയെ പുറത്തിരുത്തേണ്ടിവന്നു. കഴിഞ്ഞ കളി വീണ്ടും ടീമിലെത്തിയെങ്കിലും തല്ലുവാങ്ങി. അതുകൊണ്ട് തന്നെ റബാഡ ഇന്ന് പുറത്തിരുന്നേക്കും. സിക്കന്ദർ റാസയോ ഋഷി ധവാനോ പകരം കളിക്കും. അഥർവ തായ്ഡെയ്ക്ക് പകരം ഭാനുക രജപക്സെ കളിക്കാനും സാധ്യതയുണ്ട്.

മൂന്നോ നാലോ മത്സരങ്ങളിലാണ് രാജസ്ഥാൻ വിജയമുറപ്പിച്ചയിടത്തുനിന്ന് തോറ്റത്. സൺറൈസേഴ്സിനെതിരായ നോബോൾ ഇല്ലായിരുന്നെങ്കിൽ ഇതിനകം അവർ 16 പോയിൻ്റുമായി പട്ടികയിൽ രണ്ടാമത് എത്തിയേനെ. അത് രാജസ്ഥാനെ വല്ലാതെ സമ്മർദ്ദത്തിലാക്കുന്നുണ്ടാവും. യശസ്വി ജയ്സ്വാൾ നയിക്കുന്ന ബാറ്റിംഗ് നിരയിൽ സഞ്ജു സാംസൺ, ഷിംറോൺ ഹെട്മെയർ എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തുന്ന മറ്റ് താരങ്ങൾ. സഞ്ജു സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തുന്നില്ലെന്നതും ബട്ലർ അത്ര മികച്ച ഫോമിലല്ല എന്നതും അവർക്ക് തിരിച്ചടിയാണ്. പവർ പ്ലേ ഓവറുകളിലെ സ്വിങ്ങ് പരിഗണിച്ച് സാമ്പയ്ക്ക് പകരം ട്രെൻ്റ് ബോൾട്ട് തിരികെയെത്തിയേക്കും.