ഇടുക്കി ചിന്നക്കനാലിൽ തട്ടുകട നടത്തുന്ന കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം

0
200

ഇടുക്കി ചിന്നക്കനാലിൽ തട്ടുകട നടത്തുന്ന കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം. പെൺകുട്ടികൾ ഉൾപ്പടെ കുടുംബത്തെ മുഴുവൻ ഏഴംഗ സംഘം ആക്രമിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതായും പരാതി

ചിന്നക്കനാൽ പവർ ഹൗസിനു സമീപം തട്ടുകട നടത്തുന്ന നൗഷാദിനും കുംടുബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിൽ, തട്ടുകടയുടെ നവീകരണ ജോലികൾ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. രാത്രി പത്തരയോടെ കടയിൽ എത്തിയ സംഘം, വെൽഡിങ് ജോലികൾ ചെയ്യുകയായിരുന്ന തൊഴിലാളികളെ മർദ്ദിച്ചു.

ഇതുകണ്ട് ബഹളം വെച്ച നൗഷാദിനെയും കുടുംബത്തെയും കടയിൽ കയറി ആക്രമിച്ചു. അംഗപരിമിതയായ നൗഷാദിന്റെ ഭാര്യയെയും പെൺകുട്ടികളെയും ഉപദ്രവിച്ചു. രക്ഷപെടാൻ ശ്രമിയ്ക്കുന്നതിനിടെ വാഹനത്തിന് നേരെയും ആക്രമണം നടത്തിയതായി കുടുംബം പറയുന്നു.

നൗഷാദ് വിവരം അറിയിച്ചതിനെ തുടർന്ന്, ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിരുന്നു. മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതായാണ് ആരോപണം. നൗഷാദും കുടുംബവും അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സതേടി. ശാന്തൻപാറ പോലീസ് അന്വേഷണം ആരംഭിച്ചു.