ലോകത്തെ ഏറ്റവും മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്ററായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 

0
238
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ലോകത്തെ ഏറ്റവും മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കുറിച്ച് 2021-22 കാലയളവില്‍ യുബിഐ ഗ്ലോബല്‍ നടത്തിയ വേള്‍ഡ് ബെഞ്ച്മാര്‍ക്ക് പഠനത്തിലാണ് ഈ അംഗീകാരം.
ബെല്‍ജിയത്തിലെ ഗെന്റില്‍ നടന്ന ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയിലാണ് യുബിഐ ഗ്ലോബല്‍ വേള്‍ഡ് റാങ്കിംഗ് 2021-22 പ്രഖ്യാപിച്ചത്. സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കെഎസ്യുഎം സിഇഒ അനൂപ് അംബിക എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ലോകമെമ്പാടുമുള്ള ഇന്‍കുബേഷന്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള അപേക്ഷകളെ കര്‍ശനമായ ഡാറ്റാധിഷ്ഠിത സമീപനത്തിലൂടെയാണ് വിലയിരുത്തിയതെന്നും ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍, ക്ലയന്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രാദേശിക സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിനുമുള്ള മൂല്യം, ഇന്‍കുബേറ്റര്‍ എന്ന നിലയില്‍ മൊത്തത്തിലുള്ള ആകര്‍ഷണം തുടങ്ങിയവയാണ് കെഎസ്‌യുഎമ്മിനെ ഒന്നാമതെത്തിച്ചതെന്നും യുബിഐ ഗ്ലോബലിലെ റിസര്‍ച്ച് മേധാവി ജോഷ്വ സോവ പറഞ്ഞു
സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള വിവിധ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍, എഫ്എഫ്എസ് (ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്‌സീഡ്) പ്രോഗ്രാം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ഫിസിക്കല്‍ ഇന്‍കുബേഷന്‍ പിന്തുണ, ചിട്ടയായ ഫണ്ടിംഗ് സംവിധാനം, ആശയവുമായി എത്തുന്ന സംരംഭകന് ഉത്പന്നത്തിന്റെ രൂപരേഖ തയ്യാറാക്കി ഉത്പന്ന നിര്‍മ്മാണത്തിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പര്‍ ഫാബ് ലാബ്, ആശയരൂപീകരണം മുതല്‍ വിപണി വിപുലീകരണം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക സഹായം നല്‍കുന്ന ഗ്രാന്റുകള്‍, വിദേശ രാജ്യങ്ങളില്‍ നടക്കുന്ന സ്റ്റാര്‍ട്ടപ്പ്, ടെക് ഉച്ചകോടികളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പങ്കാളിത്തം ഉറപ്പാക്കുക വഴി വിദേശ വിപണികളിലേക്ക് അവസരങ്ങള്‍ തുറന്നുകൊടുക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫോറിന്‍ ഡെലിഗേഷന്‍ പദ്ധതികള്‍ തുടങ്ങിയവ കണക്കിലെടുത്താണ് കെഎസ്യുഎമ്മിനെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.
സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ 2013-ല്‍ സ്ഥാപിതമായ യുബിഐ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്റലിജന്‍സ് കമ്പനിയും ഇന്ററാക്ടീവ് ലേണിംഗ് കമ്മ്യൂണിറ്റിയുമാണ്.
കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൊണ്ടുവരാനും കൂടുതല്‍ മികവ് പുലര്‍ത്താനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്താനും ഈ അംഗീകാരം സഹായകമാകുമെന്ന് രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. കേരളത്തിന്റെ സംരംഭകത്വ മനോഭാവം ഉയര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിജയകരമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാന്‍ ഇത് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ മികച്ച ബിസിനസ് ഇന്‍കുബേറ്ററായി കെഎസ്‌യുഎമ്മിന് മാറാനായത് അഭിമാനാര്‍ഹമാണെന്നും ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കുള്ള വലിയ അംഗീകാരമാണിതെന്നും അനൂപ് അംബിക പറഞ്ഞു. കെഎസ്‌യുഎമ്മിന്റെ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍, വിവിധ ഘട്ടങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഫിസിക്കല്‍ ഇന്‍കുബേഷന്‍ പിന്തുണ, ചിട്ടയോടെയുള്ള ഫണ്ടിംഗ് സംവിധാനം തുടങ്ങിയവ ഈ നേട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആഗോളതലത്തിലുള്ള മികച്ച ഇന്നൊവേഷന്‍ ഹബ്ബുകളെ തിരിച്ചറിയുന്നതിനും ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങള്‍ പങ്കിടുന്നതിനുമാണ് ബെഞ്ച്മാര്‍ക്ക് പഠനം നടത്തുന്നത്. യുബിഐ ഗ്ലോബല്‍ നടത്തിയ ബിസിനസ് ഇന്‍കുബേറ്ററുകളുടെയും ആക്‌സിലറേറ്ററുകളുടെയും വേള്‍ഡ് ബെഞ്ച്മാര്‍ക്ക് പഠനത്തിന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെ വിലയിരുത്തി. ഇതില്‍ 356 സ്ഥാപനങ്ങള്‍ പഠനത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചു. 109 എണ്ണം ബെഞ്ച്മാര്‍ക്ക് ചെയ്തു. സ്ഥാപനത്തിന്റെ സ്വാധീനവും പ്രകടനവും വിലയിരുത്തിയാണ് ലോകത്തിലെ ഏറ്റവും മികച്ച പൊതു, സ്വകാര്യ ബിസിനസ് ഇന്‍കുബേറ്ററായി റാങ്ക് ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍ നല്‍കുന്ന മൂല്യം, ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ എന്നിവയുടെ വ്യാപ്തിയും പഠനം കണക്കിലെടുക്കും.
2019-ല്‍ യുബിഐ ഗ്ലോബല്‍ കെഎസ്യുഎമ്മിനെ ലോകത്തെ ഒന്നാം നമ്പര്‍ പൊതു ബിസിനസ് ആക്‌സിലറേറ്ററായി അംഗീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി അംഗീകാരങ്ങളാണ് കെഎസ്യുഎമ്മിനെ തേടിയെത്തിയത്. 2018, 2019, 2021 വര്‍ഷങ്ങളില്‍ കേന്ദ്ര പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) വകുപ്പിന്റെ സംസ്ഥാന സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക്ക് പോളിസി പുരസ്‌കാരം 2016-ല്‍ കെഎസ്യുഎമ്മിന് ലഭിച്ചു.